കൊച്ചി: ഓണക്കാലത്ത് അടുക്കളയ്ക്കു തീപിടിപ്പിച്ച് വീണ്ടും പാചക വാതക വില വര്‍ധന.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി. അതേസമയം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില അഞ്ച് രൂപ കുറയ്ക്കുകയും ചെയ്തു.
ഒരു മാസത്തോളമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പാചക വാതക വിലയും വര്‍ധിക്കില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഏവരെയും ഞെട്ടിച്ചാണു 14.2 കിലോ സിലിണ്ടറിന്റെ വില ഇന്നു വര്‍ധിപ്പിച്ചത്. സാധാരണ മാസാദ്യമാണു വില വര്‍ധിപ്പിച്ചിരുന്നതെങ്കിലും ഇത്തവണ ആ പതിവും തെറ്റി.
ഓണക്കാലത്ത് മലയാളികളുടെ അടുക്കള ബജറ്റിനെ താളം തെറ്റിക്കുന്നതാകും പാചക വാതക വില വര്‍ധനവ്.
നിലവിലെ സാഹചര്യത്തില്‍ 14.2 കിലോ സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 900 രൂപയ്ക്കു മുകളില്‍ ചെലവാകും.
വില വര്‍ധനയ്ക്കു മുമ്പേ തന്നെ പല ജില്ലകളിലും സിലിണ്ടര്‍ വില 900 രൂപയ്ക്കടുത്തെത്തിയിരുന്നു.
അതിനിടെ, കോവിഡിനെ മറയാക്കി പല ഏജന്‍സികളും തട്ടിപ്പുകള്‍ നടത്തുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
ബില്ലില്‍ കാണിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ പണം ചില ഏജന്‍സികള്‍ വാങ്ങുമ്പോള്‍ മറ്റു ചിലര്‍ ബില്ലില്ലാതെയാണു പാചക വാതകം എത്തിച്ചു നല്‍കുന്നതെന്നാണു പ്രധാന ആരോപണം.
ഇന്ധനവില കുറയാത്തതിന്റെ കുറ്റം യുപിഎ സർക്കാരിന്റെ തലയിൽവച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
യുപിഎ സർക്കാർ നൽകിയ 1.4 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകളുടെ ബാധ്യത മൂലമാണ് ഇന്ധന വിലയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം നൽകാൻ കഴിയാത്തതെന്നാണ് ധനമന്ത്രി പറഞ്ഞത്.
എന്നാൽ, ഇന്ധന വിലയും ഓയിൽ ബോണ്ടുകളുമായി ഒരു ബന്ധവുമില്ലെന്നാണ് നിർമല സീതാരാമന്റെ കുറ്റപ്പെടുത്തലിനോട് കോണ്‍ഗ്രസ് പ്രതികരിച്ചത്.