തിരുവന്തപുരം: ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം ബിവറേജ് കോർപ്പറേഷൻ
ഔട്ട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലാണ് സംവിധാനം പരീക്ഷിക്കുന്നത്.
ആവശ്യമുള്ള മദ്യത്തിനു ഓണ്‍ലൈനിലൂടെ പണം അടച്ചശേഷം അതിന്റെ രസീതോ എസ്എംഎസോ ഷോപ്പിൽ കാണിച്ച് മദ്യം വാങ്ങുന്നതാണ് പുതിയ സംവിധാനം.
booking.ksbc.co.in എന്ന ലിങ്കിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സ്വന്തം മൊബൈൽ നന്പർ നൽകി ആദ്യം രജിസ്റ്റർ ചെയ്യുകയും അതിലേക്കു വരുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം.
തുടർന്ന് പേര്, ജനനതീയതി, ഇ-മെയിൽ ഐഡി തുടങ്ങിയവ രേഖപ്പെടുത്തി കഴിയുന്പോൾ ഷോപ്പുകളുടെ വിവരങ്ങളും മദ്യം തെരഞ്ഞെടുക്കുന്നതിനുള്ള പേജിലേക്കു പ്രവേശിക്കാനാകും.
ജില്ല, മദ്യഷോപ്പ് തുടങ്ങിയവ തെരഞ്ഞെടുത്തതിനു ശേഷം ഓർഡർ പൂർത്തിയാക്കാം.
ഓണ്‍ലൈനിൽ പണം അടയ്ക്കുന്നതിനു പിന്നാലെ റഫറൻസ് നന്പർ, ഷോപ്പിന്റെ വിശദാംശങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്എംഎസ് രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്കു ലഭിക്കും.
ഉപഭോക്താക്കൾക്ക് ഈ സന്ദേശം ഷോപ്പിൽ കാണിച്ച് മദ്യം വാങ്ങാം.
ഓണ്‍ലൈനായി പണമടച്ചവർക്കു വേണ്ടി എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഈ സംവിധാനം വിജയകരമായാൽ കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നു ബെവ്കോ വിശദമാക്കുന്നു.