നെടുമ്പാശേരി: മാല ദ്വീപ് വഴി സൗദിയിലേക്ക് പോകാൻ കൊച്ചിയിൽനിന്നും യാത്രയായ പ്രവാസികൾക്ക് ദുർഗതി. ഗോ എയർ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽനിന്നും ഇന്നലെ യാത്ര തിരിച്ച 194 യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്.
ട്രാവൽ ഏജൻസിയുടെ അനാസ്ഥ മൂലം മാല വിമാനത്താവളത്തിൽനിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ ഇവരെ അതേ വിമാനത്തിൽ തന്നെ കൊച്ചിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
ഇന്നലെ രാത്രി 11.30 ഓടെയാണ് ഇവരുമായി ഗോ എയർ വിമാനം കൊച്ചിയിൽ മടങ്ങിയെത്തിയത്. മാല ദ്വീപിൽ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമേ അവിടെനിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനാകൂ.
ക്വാറന്റൈനിൽ കഴിയാൻ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടലിന്റെ വിശദാംശങ്ങൾ വിമാനത്താവളത്തിൽ ഹാജരാക്കിയാൽ മാത്രമേ പുറമെനിന്നും എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ.
എന്നാൽ ഇവരെ കൊണ്ടുപോയ ഏജൻസി ഇതിനു വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇക്കാരണത്താൽ എമിഗ്രേഷൻ വിഭാഗം ഇവരെ തിരിച്ചയക്കുകയായിരുന്നു. മടങ്ങിയെത്തിയവരെ നെടുമ്പാശേരിയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
മാലയിൽ താമസസൗകര്യം ഒരുക്കിയ ശേഷം ഇന്നോ നാളെയോ ഇവരെ യാത്രയയക്കാമെന്നാണ് ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചിരിക്കുന്നത്.
ഓരോരുത്തരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വീതം വാങ്ങിയാണ് ഇവർക്കായി പ്രത്യേക വിമാനം ചാർട്ട് ചെയ്തിരുന്നത്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലെത്താൻ സാധിക്കാത്തതു മൂലം അവധിക്കെത്തിയ പലർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് പ്രവാസികൾ മാലദ്വീപ് വഴി യാത്രക്ക് ശ്രമിക്കുന്നത്.
ഈ അവസരം മുതലെടുത്താണ് ചില ട്രാവൽ ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. മുൻപും കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്.
രണ്ടാഴ്ച്ച മുൻപ് മാല വഴി സൗദിയിലേക്ക് പോകാൻ ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്തിരുന്ന 60 ഓളം പേർക്ക് കൊച്ചി വിമാനത്താവളത്തിൽനിന്ന് തന്നെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.