കളമശേരി: ലോക്ക്ഡൗണിൽ ഇളവു വന്നതോടെ പ്രേമം സിനിമയിലൂടെ പ്രശസ്തമായ അക്വഡേറ്റിൽ രാവും പകലും സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് പരാതി. ആലുവ മാർക്കറ്റ് ഭാഗത്ത് നിന്നാരംഭിച്ച് യുസി കോളജ് വരെയാണ് അക്വഡേറ്റ്.
പരിസരത്തെ വീടുകളുടെ മുകളിലെ നിലയിൽ നിൽക്കുന്നവർക്കാണ് സാമൂഹിക വിരുദ്ധരുടെ ശല്യമേറെയുള്ളത്. യുവാക്കളുടെ അശ്ലീലം നിറഞ്ഞ കമന്റ് സ്ത്രീകളും കുട്ടികളും കേൾക്കുന്നുമുണ്ട്.
കഞ്ചാവും ഉൾപ്പെടെയുള്ള മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരും വിൽക്കുന്നവരും സന്ധ്യമയങ്ങുമ്പോൾ വരുന്നുണ്ട്. പകൽ സമയങ്ങളിൽ കൂടുതലും കമിതാക്കളാണ്.
കളമശേരി, ആലുവ നിയോജക മണ്ഡലങ്ങളിലായി കിടക്കുന്ന അക്വഡേറ്റ് പറവൂർ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ചതാണ്. ഭൂനിരപ്പിൽ നിന്നും 15 അടിവരെ ഉയരത്തിൽ ആണ് അക്വഡേറ്റ് പോകുന്നത്.
ഇതിൽ പ്രേമം സിനിമയുടെ തുടക്ക ഭാഗങ്ങൾ ചിത്രീകരിക്കപ്പെട്ടതോടെ പ്രശസ്തമാകുകയായിരുന്നു.തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡിന് കുറുകെ അക്വഡേറ്റ് പോകുന്ന സ്ഥലത്ത് മുകളിലേക്ക് കയറുന്നതിന് സൗകര്യമുണ്ട്.
ദൂരെ സ്ഥലങ്ങളിൽ നിന്നും ഉൾപ്പെടെ ബൈക്കിലും കാറുകളിലുമായി എത്തുന്നവർ പരിസരത്ത് വാഹനം പാർക്ക് ചെയ്യുകയാണ്. മറ്റ് രണ്ടിടത്ത് കൂടി അക്വഡേറ്റിലേക്ക് കയറാൻ സൗകര്യമുണ്ട്.
അക്വഡേറ്റിലേക്കുള്ള മൂന്ന് പ്രവേശന കവാടങ്ങളും തത്ക്കാലത്തേക്ക് അടക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പെരിയാർവാലി അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനവും നൽകിയിട്ടുണ്ട്.