കളമശേരി: കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന നാനൂറ് കോടി രൂപയുടെ ബൃഹത് പദ്ധതി തുടങ്ങിയിട്ട് നാളെ ഏഴു വർഷം പൂർത്തിയാകുന്പോഴും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് സ്വന്തമായി കെട്ടിടമായില്ല.
2014 ഓഗസ്റ്റ് 18ന് പദ്ധതിയ്ക്ക് തറക്കല്ലിട്ട് ഏഴ് വർഷം പൂർത്തിയാകുമ്പോഴും വഞ്ചി തിരുനക്കരത്തന്നെ. 2018 മേയ് 20 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയത്.
നിലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാൻസർ കേന്ദ്രം അന്താരാഷ്ട്രനിലവാരത്തിലാക്കാനാണ് രണ്ട് വർഷം മുൻപ് കളമശേരിയിൽ തന്നെ സ്ഥലം കണ്ടെത്തി നിർമാണം ആരംഭിച്ചത്.
രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നിർമാണം കഴിഞ്ഞ ഏഴ് മാസമായി പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
ഒരു ഭാഗം ഇടിഞ്ഞു വീണതോടെയാണ് കരാറുകാരനും സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തത്. നിർമാണത്തെക്കുറിച്ച് എസ്. ശർമ്മ എംഎൽഎ യുടെ നേതൃത്വത്തിൽ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി പരിശോധന നടത്തി 27 ദിവസം കഴിഞ്ഞ് 2019 നവംബർ 25 നാണ് കെട്ടിടം ഇടിഞ്ഞു വീണത്.
പ്രതിഷേധം ശക്തമായതോടെ 2021 ജനുവരി 31ന് ഗുണനിലവാരം ഇല്ലാത്ത നിർമാണവും കാലതാമസവും ചൂണ്ടിക്കാട്ടി കരാറുകാരനെ സർക്കാർ ഏജൻസിയായ കിഫ്ബി നീക്കം ചെയ്തു.
തുടർന്ന് കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഏപ്രിൽ 26ന് കോടതി കേസ് തള്ളി. കരാർ കമ്പനി ആവശ്യപ്പെട്ട സ്റ്റേ കോടതി അനുവദിച്ചില്ല. പ്രോജക്ടിന്റെ നിർവഹണ ഏജൻസി ആയ ഇൻകെൽ പദ്ധതി റീടെൻഡർ ചെയ്ത് ജൂൺ ആദ്യ വാരത്തിൽ പുതിയ കരാർ കമ്പനിയെ തെരഞ്ഞെടുത്തു.
എന്നാൽ പഴയ കമ്പനിയുടെ യന്ത്ര സാമഗ്രികൾ നീക്കം ചെയ്യിക്കുന്നതിനോ പുതിയ കമ്പനിയെ ചുമതലപ്പെടുത്തുന്നതിനോ നടപടികൾ ഉണ്ടായില്ല. ഇതോടെ പദ്ധതി പ്രദേശം കാടുകയറി നശിക്കുകയാണ്.
ഇതിനിടയിൽ സിസിആർസിയുടെ നേതൃസ്ഥാനത്ത് നിന്ന് ഡയറക്ർ ഡോ . മോനി കുര്യാക്കോസ് മാറുകയും ചെയ്തു. സ്വകാര്യ കമ്പനി കേരളത്തിൽ ആരംഭിക്കുന്ന അർബുദ ചികിത്സ കേന്ദ്രത്തിന്റെ തലവനായി അദേഹം നിയമിതനായി എന്നാണ് സൂചന.
കേന്ദ്രത്തിന്റെ നടത്തിപ്പിലും നിർമാണത്തിലും രാഷ്ട്രീയ ഇടപെടലുകൾ അതിരുകടന്നതോടെയാണ് സിസിആർസി നിർമാണം കരയ്ക്ക് എത്താത്തതെന്ന് ആരോപണമുണ്ട്.
സാധാരണക്കാരായ കാൻസർ രോഗികളുടെ ക്ഷേമത്തിനായി വിഭാവനം ചെയ്ത ആശുപത്രിയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.
സ്പെഷൽ ഓഫീസർ തസ്തികയിലുള്ള ജില്ല കളക്ടർക്ക് അമിതജോലി ഭാരം ഉള്ളതിനാൽ മറ്റൊരു ചുമതലക്കാരനെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.