ലണ്ടൻ: ലോർഡ്സ് ടെസ്റ്റിലെ ചരിത്രവിജയത്തിൽ ഇന്ത്യൻ ടീമിനെ പ്രശംസകൾകൊണ്ടു മൂടുകയാണു ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്തു വൻ വിജയം നേടിയ ടീമിനെ മുൻ ഇന്ത്യൻ താരങ്ങളും ഇംഗ്ലീഷ് കളിയെഴുത്തുകാർപോലും വാഴ്ത്തുന്നു.
ഇന്ത്യ മുന്നോട്ടുവച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 120 റണ്‍സിനാണു കൂടാരം കയറിയത്. ഇന്ത്യൻ പേസ് പടയുടെ തകർപ്പൻ ബൗളിംഗിനു മുന്നിൽ ആതിഥേയ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 1-0 ലീഡ് നേടി. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ കെ.എൽ. രാഹുൽ മത്സരത്തിലെ താരമായി. ജോ റൂട്ടിന്റെ അപരാജിത സെഞ്ചുറി വിഫലവും. ടെന്റ് ബ്രിഡ്ജിലെ സമനിലയ്ക്കുശേഷം ഇന്ത്യ നേടിയ 151 റണ്‍സിന്റെ വിജയത്തിൽ നിർണായകമായ പ്രകടങ്ങളെക്കുറിച്ച്.
ഷമി- ബുംറ കൂട്ടുകെട്ട്
ലോർഡ്സിലെ മത്സരത്തിന്റെ തലവര മാറ്റിയെഴുതിയത് രണ്ടാം ഇന്നിംഗ്സിലെ മുഹമ്മദ് ഷമി-ജസ്പ്രീത് ബുംറ ബാറ്റിംഗ് കൂട്ടുകെട്ടാണ്.
അഞ്ചാം ദിനത്തിന്റെ തുടക്കംതന്നെ ഋഷഭ് പന്ത് മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചതാണ്. എന്നാൽ ഇംഗ്ലീഷ് പ്രതീക്ഷകളെ ഒന്നൊന്നായി തകർത്തെറിഞ്ഞ ഷമി-ബുംറ കൂട്ടുകെട്ട് ചേർത്തത് 89 റണ്‍സ് (ഷമി- 56, ബുംറ- 34). ഇന്ത്യക്ക് 272 റണ്‍സിന്റെ ലീഡും.
റൂട്ടിന്റെ തീരുമാനങ്ങൾ
തുടർച്ചയായ രണ്ടു ടെസ്റ്റുകളിലും സെഞ്ചുറി നേടിയെങ്കിലും വിമർശനമുനയിലാണ് ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. നായകനെന്ന നിലയിൽ റൂട്ടിന്റെ തീരുമാനങ്ങൾ പലതും തെറ്റി.
ഷമി-ബുംറ കൂട്ടുകെട്ടിനെ പൊളിക്കാൻ ആക്രമണോത്സുകമായ തീരുമാനങ്ങൾ റൂട്ടിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ക്യാപ്റ്റൻസിയിലെ പദ്ധതികളിലെ പാളിച്ചയാണ് ഇംഗ്ലണ്ടിന്റെ തോൽവിക്കു കാരണമെന്ന വിമർശനങ്ങൾ ശക്തമാണ്.
ഇംഗ്ലീഷ് സ്ലെഡ്ജിംഗ്
ലോർഡ്സിൽ ഇരു ടീമുകളിലെയും താരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയായിരുന്നു. ജയിംസ് ആൻഡേഴ്സനും വിരാട് കോഹ്ലിയും തമ്മിലാണ് ആദ്യം കോർത്തത്. നാലാം ദിനത്തിൽ ബുംറയോടും ആൻഡേഴ്സൻ ചൂടായി.
ഒന്നും മിണ്ടാതെ മടങ്ങിയ ബുംറയെ അവസാന ദിനം ജോസ് ബട്ലറും മാർക്ക് വുഡും പ്രകോപിപ്പിച്ചു. ബാറ്റിംഗിലെ കരിയർ ബെസ്റ്റ് പ്രകടനമായിരുന്നു ബുംറയുടെ ഉശിരൻ മറുപടി. വൈകാരികമായ എന്തോ ഒന്നിലേക്ക് (വാക്പോരിനെക്കുറിച്ച്) എത്തിപ്പെട്ടതോടെ അവർക്കു മേൽക്കൈ ലഭിച്ചെന്ന ജോ റൂട്ടിന്റെ വാക്കുകളിൽ എല്ലാമുണ്ട്.
രോഹിത്-രാഹുൽ ഓപ്പണിംഗ്
രോഹിത് ശർമ-കെ.എൽ. രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടിനു കൊടുക്കണം ഒരു കുതിരപ്പവൻ. പരന്പരയ്ക്കുമുന്പ് സങ്കൽപ്പത്തിലേ ഇല്ലാതിരുന്ന ഓപ്പണിംഗ് സഖ്യമാണു ലോർഡ്സിലെ ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്.
ശുഭ്മൻ ഗില്ലിനും മായങ്ക് അഗർവാളിനും പരിക്കേറ്റതോടെ ഓപ്പണർ സ്ഥാനം ലഭിച്ച രാഹുൽ അവസരം ശരിക്കും മുതലാക്കി. ട്രെന്റ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ രാഹുലായിരുന്നു ടീമിന്റെ ടോപ്സ്കോറർ (84 റണ്‍സ്). ലോർഡ്സിൽ ആദ്യ ഇന്നിംഗ്സിൽ രാഹുൽ 129 റണ്‍സ് അടിച്ചെടുത്തപ്പോൾ രോഹിതിന്റെ വക 83 റണ്‍സ്. 126 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്.
ഇഷാന്ത് ഫാക്ടർ
ലോർഡ്സിലെ ജയത്തിൽ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമെല്ലാം കൈയടി നേടുന്പോൾ മറന്നുപോകാൻ പാടില്ലാത്ത പേരാണ് ഇഷാന്ത് ശർമയുടേത്. രണ്ടാം ഇന്നിംഗ്സിൽ ജോണി ബെയർസ്റ്റോയുടെയും ഹസീബ് ഹമീദിന്റെയും നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലീഷ് മധ്യനിരയെ പൊളിച്ചത് ഇഷാന്താണ്. 2014ൽ ഇന്ത്യ ലോർഡ്സിൽ വിജയം നേടിയപ്പോഴും ഏഴു വിക്കറ്റ് പ്രകടനവുമായി ഇഷാന്ത് തിളങ്ങിയിരുന്നു.
രഹാനെ-പൂജാര കൂട്ടുകെട്ട്
രണ്ടാം ഇന്നിംഗ്സിൽ അജിൻക്യ രഹാനെയും ചേതേശ്വർ പുജാരയും നടത്തിയ ചെറുത്തുനിൽപ്പ് ഓർമിക്കപ്പെടേണ്ടതാണ്. മുൻനിര പത്തിതാഴ്ത്തിയപ്പോൾ ക്ഷമയോടെ നിന്ന പുജാര(45)യും രഹാനെ(61)യും കൂട്ടിച്ചേർത്ത 100 റണ്‍സിന് തനിത്തങ്കത്തിന്റെ മാറ്റ്. മെൽബണിലെ സെഞ്ചുറി പ്രകടനത്തിനുശേഷം രഹാനെയുടെ മറ്റൊരു ക്ലാസിക് ഇന്നിംഗ്സ്.
സൂപ്പർ സിറാജ്
വിരാട് കോഹ്ലിയെന്ന നായകൻ അർപ്പിച്ച വിശ്വാസത്തിന് മുഹമ്മദ് സിറാജ് നൽകിയ മറുപടി- ലോർഡ്സിലെ എട്ടുവിക്കറ്റ്. ഓസ്ട്രേലിയയിൽ 13 വിക്കറ്റുകളുമായി ഇന്ത്യയെ പരന്പര നേട്ടത്തിലേക്കു നയിച്ച സിറാജ് ഇംഗ്ലണ്ടിലും മികവ് ആവർത്തിക്കുന്നു. ലോർഡ്സിലെ ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവുമായാണു സിറാജ് കളംവിട്ടത്.