തളിപ്പറമ്പ്: പശുവിനെ പിടിച്ചു കെട്ടാന്‍ ടെൻഡര്‍ വരെ ക്ഷണിച്ചിട്ടും തളിപ്പറമ്പ് നഗരത്തില്‍ പശുക്കള്‍ അലഞ്ഞു നടക്കുന്നു. കഴിഞ്ഞ മാസമാണ് പശുവിനെ പിടിച്ചു കെട്ടാന്‍ നഗര സഭ ക്വട്ടേഷന്‍ ക്ഷണിച്ചു കൊണ്ട് പരസ്യം നല്‍കിയത്.
ഒരു പശുവിന് 1000 രൂപ വീതം കമ്മീഷന് നല്‍കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നു. ഉടമസ്ഥനുള്ള പശുവിനെ പിഴ ഒടുക്കിയ ശേഷം ഉടമസ്ഥന് തന്നെ വിട്ടു കൊടുക്കുമെന്നും അറിയിച്ചിരുന്നു.
നേരത്തെ നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടിയിടാനുള്ള തളിപ്പറമ്പ് നഗരസഭയുടെ പശുത്തൊഴുത്ത് നശിക്കുന്നത് സംബന്ധിച്ച് നിരവധി വാര്‍ത്ത വന്നിരുന്നു.
കന്നുകാലികളെ കെട്ടിയിടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കെട്ടിടത്തിന് മുന്‍ വശത്ത് തെരവുകച്ചവടക്കാര് കൈയടക്കി വയ്ക്കുകയും ചെയ്തതോടെ നഗരസഭ അധികൃതരും ഇവിടം തിരിഞ്ഞ് നോക്കാതെയായി.
തളിപ്പറമ്പ് നഗരസഭാ രൂപീകരണത്തിന് മുമ്പ് പഞ്ചായത്തായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഇവിടുത്തെ തൊഴുത്ത്. കന്നുകാലികളുടെ ശല്യം രൂക്ഷമായതോടെ ഏതാനും വര്‍ഷത്തിന് മുമ്പ് ഈ ഓടിട്ട കെട്ടിടം പുതുക്കി പണിതിരുന്നു.
ഈ കെട്ടിടം ഉപയോഗ ശൂന്യമായിരിക്കുമ്പോള്‍ തന്നെ നഗരസഭ കാര്യാലയത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കന്നുകാലികളെ കെട്ടിയിടാനുള്ള ടെൻഡറാണ് കഴിഞ്ഞ മാസം നഗരസഭ ക്ഷണിച്ചത്.
ടെൻഡറിന്റെ അവസാന നടപടിക്രമങ്ങള്‍ കഴിഞ്ഞെന്നും അധികൃതര്‍ അന്നേ അറിയിച്ചതാണ്.പക്ഷേ ടെൻഡര്‍ ക്ഷണിച്ച് ഒരുമാസമാകാറായിട്ടും കന്നുകാലികളെ കെട്ടിയിടാന്‍ കരാറുകാര്‍ വന്നിട്ടില്ല.
ഇപ്പോഴും നഗരത്തില്‍ ഒരുപറ്റം കന്നുകാലികള്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്. പലപ്പോഴും റോഡില്‍ ഇറങ്ങി നടക്കാനോ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.
റോഡില്‍ അലയുന്ന പശുക്കള്‍ കാരണം നഗരത്തില്‍ വാഹനാപകടവും പതിവാണ്.കന്നുകാലികളെ പിടിച്ചു കെട്ടിയിടാന്‍ സൗകര്യം ഉണ്ടായിട്ടും നഗരസഭ അത് ഉപയോഗപ്പെടുത്താതെ കണ്ണടക്കുകയാണ്.