കാബൂൾ: അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാന്റെ ഭരണത്തിലാകുന്പോൾ ഇന്ത്യക്കും പാശ്ചാത്യരാജ്യങ്ങൾക്കും ഭയക്കാനേറെ.
അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകരതയുടെ സർവകലാശാല ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇതിനു മുന്പ് താലിബാൻ ഭരിച്ചത് 1996 മുതൽ 2001 വരെയാണ്. ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽക്വയ്ദ ഭീകരസംഘടന അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി തഴച്ചുവളർന്നത് അക്കാലത്താണ്.
2001 സെപ്റ്റംബർ 11ന് അൽക്വയ്ദ ഭീകരർ അമേരിക്കയിൽ ഭീകരാക്രമണം നടത്തുംവരെ അഫ്ഗാനിസ്ഥാൻ ഭീകരതാവളമായി തുടർന്നു.
2001 ഡിസംബറിൽ അഫ്ഗാനിസ്ഥാനിലെത്തിയ യുഎസ്- പാശ്ചാത്യ സേനകൾ താലിബാനെ അധികാരത്തിൽനിന്നു പുറത്താക്കി അൽക്വയ്ദയെ അമർച്ച ചെയ്തു.
രണ്ടു പതിറ്റാണ്ടിനുശേഷം അമേരിക്കൻ സേന മടങ്ങുന്പോൾ താലിബാൻ വീണ്ടും അധികാരം പിടിച്ചിരിക്കുന്നു.
അൽക്വയ്ദ വീണ്ടും തലയുയർത്തുമോ എന്നാണ് ലോകത്തിന്റെ ആശങ്ക. ഇറാക്കും സിറിയയും ഉൾപ്പെടെ പശ്ചിമേഷ്യയിൽ സ്വാധീനം നഷ്ടമായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അഫ്ഗാനിൽ വീണ്ടും ശക്തിപ്പെടാനുള്ള സാധ്യതയും ഉടലെടുത്തിരിക്കുന്നു.
ഇരു ഭീകരസംഘടനകളും തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു പാശ്ചാത്യ സൈനികവൃത്തങ്ങൾ സൂചിപ്പിച്ചു.
സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉണ്ടാക്കിയ കരാറിൽ, അൽക്വയ്ദയെ വളരാൻ അനുവദിക്കില്ല എന്ന ഉറപ്പ് താലിബാൻ നല്കിയിട്ടുണ്ട്.
പക്ഷേ, അൽക്വയ്ദ -താലിബാൻ ബന്ധം ഇതോടെ അവസാനിച്ചതായി ആരും വിശ്വസിക്കുന്നില്ല.
അഫ്ഗാൻ പിടിച്ചെടുക്കാനുള്ള താലിബാന്റെ പോരാട്ടത്തിൽ വിദേശ പോരാളികൾ ഉണ്ടായിരുന്നതായി നേരത്തേതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
രൂപീകരിക്കാൻ പോകുന്ന സർക്കാരിനു ലോകത്തിന്റെ അംഗീകാരം വേണമെന്ന തിരിച്ചറിവ് താലിബാനുണ്ട്.
പണ്ട് ഭരിച്ചപ്പോൾ സൗദി, പാക്കിസ്ഥാൻ, യുഎഇ എന്നീ മൂന്നു രാജ്യങ്ങളാണു താലിബാനെ പിന്തുണച്ചിരുന്നത്.
മാറിയ കാലഘട്ടത്തിൽ കുറച്ചു രാജ്യങ്ങളുടെ പിന്തുണമാത്രംകൊണ്ടു ഭരണം നടത്താനാവില്ലെന്ന തിരിച്ചറവ് താലിബാനുണ്ട്.
അതുകൊണ്ട് അൽക്വയ്ദയെയും ഇസ്ലാമിക് സ്റ്റേറ്റിനെയും തള്ളിപ്പറയാൻ ചിലപ്പോഴവർ തയാറായേക്കാം.
ശരിയത്ത് അടിസ്ഥാനത്തിലുള്ള ഭരണം അഫ്ഗാനിസ്ഥാനു പുറത്തേക്കു വ്യാപിപ്പിക്കുന്നതിൽ താലിബാനു താത്പര്യമില്ല.
പക്ഷേ, അൽക്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും നിലപാട് ഇതല്ല. അതാണു ലോകത്തിനു ഭീഷണിയാവുക.