ഷൊർണൂർ: വാണിയംകുളത്തിന്റെ അന്താരാഷ്ട്ര അത് ലറ്റ് ഇനി റെയിൽവേയ്ക്ക് സ്വന്തം. വാണിയംകുളം ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ സി.ബബിതയാണ് റെയിൽവേയുടെ ഭാഗമായത്.ഇന്റർനാഷണൽ താരമായ ബബിത ഇനി മുതൽ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ്.
കായിക മികവിന് സൗത്ത് വെസ്റ്റേണ്‍ റെയിൽവേയിൽ ജോലി ലഭിച്ച ബബിത ഇനി റെയിൽവേയുടെ സ്വന്തം കായികതാരമാകും.മികച്ച കായിക പ്രകടനത്തിനും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും മെഡൽ നേടിയതിനുമാണ് സ്പോർട്സ് ക്വാട്ടയിൽ കുമരംപുത്തൂർ കല്ലടി സ്കൂളിലെ മുൻ താരമായ ബബിതയ്ക്ക് റെയിൽവേയിൽ ജോലി ലഭിച്ചത്.
സൗത്ത് വെസ്റ്റേണ്‍ റെയിൽവേയുടെ ബെംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എക്സാമിനർ ആയി ഇനി ബബിതയുണ്ടാകും.റെയിൽവേയുടെയും മികച്ചതാരമാകാനുള്ള തയ്യാറെടുപ്പിലാണ് ബബിത. വാണിയംകുളം ചുക്കന്മാർതൊടി വീട്ടിൽ ബാലകൃഷ്ണന്റെയും കമലത്തിന്റെയും രണ്ടാമത്തെ മകളാണ് ഈ അതിവേഗ ഓട്ടക്കാരി.
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ അവസാനവർഷ ബിഎ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയുമാണ്.2013ൽ ബ്രസീലിൽ നടന്ന ലോക സ്കൂൾ അത്് ലറ്റിക്ക് മീറ്റിൽ 800 മീറ്ററിൽ വെങ്കലവും 2013ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ 800 മീറ്ററിൽ വെങ്കലവും 400 മീറ്ററിൽ സ്വർണവും നേടി.2014ൽ കൊളംബിയയിൽ നടന്ന യൂത്ത് ഒളിംപിക്സിലും പങ്കെടുത്തു.
ഈ ഓണം ബബിതയ്ക്ക് സമ്മാനിക്കുന്നത് ഇരട്ടി മധുരം. വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിനൊപ്പം റെയിൽവേയിൽ ജോലി കൂടി ലഭിച്ചതാണ് ബബിതയ്ക്ക് ഇരട്ടി മധുരം സമ്മാനിക്കുന്നത്. വാണിയംകുളം ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബബിതക്ക് വീട് നിർമിച്ചുനൽകിയത്.