കോട്ടയം: പുതിയ ഡിസിസി പ്രസിഡന്റ് എത്തുന്നതോടെ കോട്ടയം ജില്ലയിൽ കോണ്‍ഗ്രസ് സമവാക്യങ്ങൾ മാറിമറിയുന്നു. എ ഗ്രൂപ്പ് ആധിപത്യം ഉറപ്പിച്ചിരുന്ന ജില്ലയിൽ ഇതോടെ വലിയ പൊട്ടിത്തെറി ഉണ്ടായേക്കുമെന്നാണ് സൂചന.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിയായി നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായേക്കും. ഉമ്മൻ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിൽ ഉറച്ചു നിന്നിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറച്ചുനാളായി അസ്വസ്ഥനാണ്.
പ്രതിപക്ഷനേതാവ് സ്ഥാനത്തേക്കു പരിഗണിച്ച തിരുവഞ്ചൂരിനെ വെട്ടിയതു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാണെന്നും കോണ്‍ഗ്രസിൽ അടക്കം പറച്ചിലുണ്ടായിരുന്നു.
എ ഗ്രൂപ്പിൽ നിന്നുകൊണ്ടു തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നേതൃത്വത്തിനൊപ്പമാണ്. കുറച്ചുനാളായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചേർന്നുള്ള പ്രവർത്തനമാണ് തിരുവഞ്ചൂർ നടത്തുന്നത്.
ഇതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസി പ്രസിഡന്റിനു മുന്നിൽ നാട്ടകം സുരേഷിനെ ഡിസിസി പ്രസിഡന്റാക്കാൻ പിന്തുണയ്ക്കുകയും ചെയ്തു. നാട്ടകം സുരേഷ് എ ഗ്രൂപ്പിലാണെങ്കിലും നിലവിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ഏറെ അടുപ്പത്തിലാണ്.
കാര്യങ്ങൾ ഇതുപോലെ സംഭവിച്ചാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദമായി മാറുകയും ചെയ്യും.ഡിസിസി പ്രസിഡന്റിന്റെ സ്ഥാനത്തേക്കു എ ഗ്രൂപ്പ് ലിസ്റ്റ് കൊടുക്കാതിരുന്നതും പടലപിണത്തിന്റെ ഭാഗമായിട്ടാണെന്നും പറയപ്പെടുന്നു.
അതേസമയം സ്വന്തം ജില്ലയിലെ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തിയില്ലെന്ന പരാതി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുമുണ്ട്. കെ.സി. ജോസഫ് ഉൾപ്പെടെയുള്ള ചില നേതാക്കൾ ഉമ്മൻ ചാണ്ടിക്കൊപ്പം ഉറച്ചു നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ ജില്ലയിൽ എ വിഭാഗം രണ്ടു ചേരിയായിട്ടാണു പ്രവർത്തിക്കുന്നത്. വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം ഇത്തവണ ഐ വിഭാഗത്തിനു വേണമെന്ന അവകാശവാദം ഐ ഗ്രൂപ്പ് സുധാകരനു മുന്പിൽ വച്ചിരുന്നു.
ജോസഫ് വാഴയ്ക്കനാണ് ഈ നീക്കത്തിനു ചുക്കാൻ പിടിച്ചത്. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. എന്നാൽ ഇതും നടപ്പായില്ല.അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ പരിഗണിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർഥി കൂടിയാണ് നാട്ടകം സുരേഷ്.
ജില്ലയിലെ കോണ്‍ഗ്രസിന്റെ അവസ്ഥ സംബന്ധിച്ച് മുതിർന്ന ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതും നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും അലട്ടുന്ന കോണ്‍ഗ്രസിന് ഗ്രൂപ്പ് പോര് കൂടി സജീവമാകുന്നതോടെ എത്രമാത്രം പിടിച്ചു നിൽക്കുമെന്ന് കണ്ടറിയണം.
നാട്ടകം സുരേഷിനെ ഡിസിസി പ്രസിഡന്റാക്കണമെന്ന് കെപി സിസി വൈസ് പ്രസിഡന്റും എംഎൽഎയുമായി പി.ടി. തോമസും ആവശ്യപ്പെട്ടിട്ടുണ്ട്.