പ്രധാനമായും ഇപ്പോള്‍ കോവിഡ് വൈറസ് പകരുന്നത്, അടഞ്ഞ് വായുസഞ്ചാരമില്ലാത്ത മുറികളിലൂടെയും ആള്ക്കൂട്ടങ്ങളിലൂടെയുമാണ്. അതിനാല്‍ ഓഫീസുകളിലും കടകളിലും വീടുകളിലും വായുസഞ്ചാരം ഉറപ്പാക്കുക.
വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കോവിഡ് വൈറസിന് അതിവേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകരാന്‍ കഴിയില്ല. വായുസഞ്ചാരമില്ലാത്ത മുറികളില്‍ പ്രവേശിക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം, ഒരു മീറ്റര്‍ അകലം പാലിക്കണം.
മാസ്ക്കിട്ട്, ഒരു മീറ്റർ അകലം പാലിച്ച് സംസാരം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും മാത്രമല്ല, പരസ്പരം അകലം പാലിക്കാതെ സംസാരിക്കുമ്പോഴും കോവിഡ് വൈറസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകരും. അതിനാല്‍ സംസാരിക്കുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം.ഒരു മീറ്റര്‍ അകലം പാലിക്കണം.
മാസ്ക് താഴ്ത്തരുത്
വായുസഞ്ചാരമില്ലാത്ത മുറികളിലും ഹാളുകളിലും യോഗങ്ങള്‍ സംഘടിപ്പിക്കുകയോ കൂടിച്ചേരലുകള്‍ നടത്തുകയോ ചെയ്യുന്നത് രോഗം വലിയ തോതില്‍ വ്യാപിക്കുന്നതിനു കാരണമായിത്തീരും.
വിവാഹങ്ങള്‍, വിവാഹ നിശ്ചയങ്ങള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏറ്റവും കുറച്ച് ആളുകള്‍ മാത്രം പങ്കെടുക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഇത്തരം സ്ഥലങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ഒരു മീറ്റര്‍ അകലം പാലിക്കണം.
മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. ഒരുകാരണവശാലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
യോഗസ്ഥലത്തു ഭക്ഷണം വിളന്പരുത്
യോഗങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണപാനീയങ്ങള്‍ വിളമ്പാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണപാനീയങ്ങള്‍ നല്‍കാനായി മറ്റൊരു സ്ഥലം തെരഞ്ഞെടുക്കുകയാണു വേണ്ടത്. അവിടെ പരസ്പരം അകലം പാലിച്ചുകൊണ്ട് ഭക്ഷണപാനീയങ്ങള്‍ കഴിക്കുക.
കൂട്ടംകൂടി, സംസാരിച്ച് ഭക്ഷണം കഴിക്കരുത്
ഓഫീസുകളിലും കടകളിലും മെസ് ഹാളുകളിലും ഉച്ചയൂണു സമയത്ത് ആളുകള്‍ കൂട്ടം ചേര്‍ന്നിരുന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതായി കാണുന്നു. ഇത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമായിത്തീരും. അതിനാല്‍ ഏതു സ്ഥലത്തും ഭക്ഷണവേളകളില്‍ അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്നതും ഒഴിവാക്കുക.
പോസിറ്റീവ് ആകുന്നവർ ഇതു മറക്കരുത്
ടെസ്റ്റ് പോസിറ്റീവ് ആകുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ മറ്റു വീടുകളിലേക്ക് താമസിക്കാനായി പറഞ്ഞുവിടുന്നത് വലിയ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നതായി കണ്ടുവരുന്നു. കഴിഞ്ഞ വര്‍ഷം തീവ്രത കുറഞ്ഞ കോവിഡ് രോഗാണു വ്യാപിച്ച സമയത്ത് ഇങ്ങനെ ചെയ്യുന്നത് നല്ലതായിരുന്നു.
പക്ഷേ, ഇപ്പോള്‍ നേരെ വിപരീത ഫലമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഡെല്‍റ്റാ വകഭേദമായ കോവിഡ് വൈറസാണ് ഇപ്പോള്‍ വയനാട് ഉൾ പ്പെടെ പലയിടങ്ങളിലും പടരുന്നത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് അതിവേഗം വ്യാപിക്കും. അതിനാല്‍ ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവ് ആകുമ്പോള്‍ തന്നെ കുടുംബത്തിലെ മറ്റുള്ളവരിലേക്കും വൈറസ് വ്യാപിച്ചുകഴിഞ്ഞിരിക്കും.
അതിനാല്‍ പോസിറ്റീവ് ആയ ആളില്‍ നിന്ന് രോഗം പകരാതിരിക്കാനായി മറ്റു കുടുംബാംഗങ്ങള്‍ മറ്റൊരു വീട്ടിലേക്ക് പോകുമ്പോള്‍, രോഗാണുവിനെ വ്യാപിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇത് ഒഴിവാക്കുക. എല്ലാവരും ഒരു വീട്ടില്‍ തന്നെ കഴിയുക.
രോഗലക്ഷണങ്ങൾ മറയ്ക്കരുത്
രോഗലക്ഷണങ്ങള്‍ ഒരിക്കലും മറച്ചുപിടിക്കരുത്. ആരോഗ്യപ്രവര്‍ത്തകരുമായി ഉടന്‍ തന്നെ സംസാരിച്ച് അവരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുകയാണു വേണ്ടത്. മറച്ചുപിടിക്കുമ്പോള്‍ നിങ്ങളുടെ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാനും യഥാസമയം ശരിയായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ രോഗം ഗുരുതരമായിത്തീരാനും ഇടവരുന്നു.
ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ കോവിഡ് രോഗത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നതാണു വാസ്തവം. പക്ഷേ, കാലതാമസം വരുത്താതെ മുന്‍കൂട്ടി നാം അല്പം തയാറെടുക്കുകയേ വേണ്ടൂ. ആശുപത്രിവാസവും മരണങ്ങളും ഒഴിവാക്കി ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ എല്ലാവരും ഒത്തുചേര്‍ന്നുള്ള ഒരല്‍പ്പം ശ്രദ്ധ; അതുമാത്രം മതിയാകും.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ,
ആരോഗ്യകേരളം,വയനാട് & സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.