ന്യൂഡൽഹി: ശശി തരൂരിന്റെ റയട്ട് എന്ന നോവലിലെ കഥാപാത്രമായ പ്രിസില്ല ഹാർട്ട് എന്ന നായികയുടെ ജീവിതവും മരണവുമായി ഒട്ടേറെ സാമ്യതകളുണ്ടായിരുന്നു സുനന്ദ പുഷ്കറിന്റെ മരണത്തിനും തുടർന്നുള്ള വിവാദങ്ങൾക്കും.
1989ലെ ഹിന്ദു-മുസ്ലിം കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പ്രണയകഥയാണ് 2001ൽ പ്രസിദ്ധീകരിച്ച റയട്ട് (കലാപം) എന്ന നോവൽ.
പ്രിസില്ല ഹാർട്ട് എന്ന ഇരുപത്തിനാലുകാരിയായ അമേരിക്കൻ വിദ്യാർഥിനിയുടെ മരണം ഉയർത്തുന്ന ദുരൂഹതകളാണു നോവലിന്റെ പ്രമേയം.
ഉത്തരേന്ത്യൻ വനിതകൾക്കിടയിൽ സന്നദ്ധ പ്രവർത്തനത്തിന് എത്തിയ പ്രിസില്ല കലാപത്തിനിടയിൽ ദുരൂഹമായി കൊല്ലപ്പെടുന്നു.
മരണത്തിനു പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാനും കൊലയാളിയെ കണ്ടെത്താനും പ്രിസില്ലയുടെ പിതാവ് നടത്തുന്ന ശ്രമങ്ങളിലൂടെ നോവൽ വികസിക്കുന്നു.
ഒരു ഡസൻ കഥാപാത്രങ്ങൾ മാത്രമുള്ള ഈ നോവലിൽ സുന്ദരനായ ജില്ലാ കളക്ടർ ലക്ഷ്മണ്, അയാളോടു നീരസമുള്ള ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
പ്രിസില്ല ഒരു കലാപത്തിൽ കൊല്ലപ്പെട്ടു എന്ന ന്യൂയോർക്ക് ജേണലിന്റെ പത്രക്ലിപ്പിൽനിന്നാണു നോവലിന്റെ തുടക്കം.
പ്രിസില്ലയും ലക്ഷ്മണും തമ്മിലുള്ള പ്രണയവും ഹിന്ദു-മുസ്ലിം കലാപവും പ്രിസില്ലയുടെ കൊലപാതകവും പത്രവാർത്തകളിലൂടെയും അഭിമുഖങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും കത്തുകളിലൂടെയും കഥയായി ഇതൾ വിരിയുന്നു.
വിവാഹിതനായ കളക്ടറുമായി പ്രിസില്ല പ്രണയത്തിലായിരുന്നു. പിരിയാൻ വയ്യാത്തവിധം അവർ അടുക്കുന്പോൾ ഏത് ഇന്ത്യൻ കുടുംബത്തിലും ഉയരുന്ന സംഘർഷം കളക്ടറുടെ ജീവിതത്തിലും അശാന്തി പടർത്തുന്നു.
അതിനിടയിലാണ് കലാപവും പ്രിസില്ലയുടെ ദുരൂഹ മരണവും.
കാമുകിയായ പ്രിസില്ലയെ കളക്ടർ കലാപത്തിന്റെ മറവിൽ കൊലപ്പെടുത്തുകയായിരുന്നോ, ആതോ കലാപത്തിന്റെ മറവിൽ കളക്ടറെ കുടുക്കാൻ ശത്രുവായ പോലീസ് സൂപ്രണ്ട് അവളെ കൊന്നതാണോ തുടങ്ങിയ ചോദ്യങ്ങളും കഥയിൽ തരൂർ അവശേഷിപ്പിച്ചിട്ടണ്ട്.
ഏഴര വർഷം മുൻപ് ജനുവരി 17 വെള്ളിയാഴ്ച രാത്രിയിലാണു സുനന്ദ പുഷ്കറിന്റെ മരണവാർത്ത ലീല ഹോട്ടലിന്റെ 345-ാം സ്യൂട്ട് റൂമിൽനിന്നു പുറത്തേക്കു വരുന്നത്.
യുഎൻ നയതന്ത്ര പദവിയിൽനിന്നിറങ്ങി വന്ന് കേന്ദ്രമന്ത്രിയായി ശശി തരൂർ തിളങ്ങി നിൽക്കുന്ന സമയം.
മന്ത്രിമാർക്കുള്ള വസതികളുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സർക്കാർ തന്നെയാണ് ശശി തരൂർ ഉൾപ്പെടെയുള്ളവർക്ക് ആഡംബര ഹോട്ടലിൽ താമസമൊരുക്കിയിരുന്നത്.
തരൂരിനെ അന്നുതന്നെ പോലീസ് ചോദ്യം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. മരുന്നുകളുടെ അമിത ഉപയോഗം മൂലമാണ് സുനന്ദയുടെ മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
അതിനിടയിൽ പാക് മാധ്യമ പ്രവർത്തക മെഹർ തരാറിന്റെ പേരും ശശി തരൂരിന്റെ കുടുംബ കലഹങ്ങളുമായി ബന്ധപ്പെട്ട് പ്രചരിച്ചു.
മെഹർ തരാർ ശശി തരൂരിന് അയച്ച ഇ-മെയിലും അതിന് തരൂർ അയച്ച മറുപടിയും പുറത്തുവന്നു.
അവർ തമ്മിലുള്ള സൗഹൃദത്തിൽ കവിഞ്ഞ് അതിൽ ഒന്നുമില്ലായിരുന്നെങ്കിൽതന്നെ ഇരുവരും തമ്മിൽ കാണുന്നതിൽ സുനന്ദയ്ക്ക് എതിർപ്പുണ്ടായിരുന്നു എന്ന സൂചന മെയിലുകളിൽ ഉണ്ടായിരുന്നു.
അതിനിടെ, സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും മരണം സിബിഐ അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
സാവധാനം കേസിന് രാഷ്ട്രീയമാനം വന്നു. ബിജെപി ഉൾപ്പെടെ സുനന്ദയുടെ മരണവുമായി ബന്ധപ്പെടുത്തി തരൂരിനെ വേട്ടയാടാൻ തുടങ്ങി.
നീണ്ട ഏഴര വർഷക്കാലം താൻ കണ്ട ദുഃസ്വപ്നത്തിന് അറുതി വന്നു എന്ന് ഇന്നലെ പ്രതികരിക്കാൻതന്നെ തരൂരിനെ പ്രേരിപ്പിച്ചതും ഈ രാഷ്ട്രീയ, സാമൂഹ്യ വിചാരണകളുടെ വീർപ്പുമുട്ടലുകളായിരുന്നിരിക്കണം.