വൈക്കം: മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ചെമ്മനത്തുകരയിലും സമീപ പ്രദേശങ്ങളിൽനിന്നും കാണാതായവരുടെ പട്ടിക പോലീസ് തയാറാക്കും.
മത്സ്യകുളത്തിനായി കുഴിച്ച സ്ഥലത്തു ഇന്നലെ രാവിലെ വിശദമായ പരിശോധന നടത്തി ബാക്കി മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തു.
അഞ്ചടിയോളം താഴ്ചയിൽനിന്നു തലയോട്ടിക്കു പുറമേ എട്ടോളം അസ്ഥികഷണങ്ങളാണ് ലഭിച്ചത്. മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിയിലെ ചെളിയും വെള്ളവും പോലീസ് ശേഖരിച്ചു.
ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി. മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റുമോർട്ടം നടത്തിയശേഷം കൂടുതൽ വ്യക്തതയയ്ക്കായി ഫോറൻസിക് പരിശോധന നടത്തും.
മരണപ്പെട്ടയാൾ സത്രീയോ പുരുഷനോയെന്ന് നിർണയിച്ചു മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തും.
തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിർണയിച്ചു കഴിഞ്ഞാൽ ആ കാലയളവിൽ പ്രദേശത്തുനിന്നു കാണാതായവരെക്കുറിച്ചും അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനുസമീപം കാർത്തികയിൽ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണു ചൊവ്വാഴ്ച വൈകുന്നേരം നാലോടെ തലയോട്ടിയും അസ്ഥികളും ലഭിച്ചത്.
ചെമ്മനത്തുകര സ്വദേശി അപ്പച്ചന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം ഒരു വർഷം മുന്പാണ് രമേശൻ വാങ്ങിയത്.
കരിയാറിനോടു ചേർന്നു കിടക്കുന്ന തോടും പുരയിടവുമായ ഭാഗം 15 വർഷം മുന്പ് ചെമ്മനത്തുകര കയർ സഹകരണ സംഘം പൊതി മടൽ മൂടുന്നിടമായിരുന്നു.
വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി ലീസിനെടുത്തു മത്സ്യക്കുളമൊരുക്കാൻ കുഴിച്ചപ്പോഴാണു തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്.
കരിയാറിനു കുറുകെ കടത്തുണ്ടായിരുന്ന ഈ സ്ഥലത്ത് വെള്ളപ്പൊക്കത്തിനു കരിയാർ കരകവിഞ്ഞു വെളളം കയറിയിരുന്നു.
ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം വേലിയേറ്റത്തിൽ ഒഴുകി മണൽ മൂടിയിരുന്നിടത്ത് അടിഞ്ഞതാണോയെന്നും ആരെയെങ്കിലും കൊലപ്പെടുത്തി ആൾപ്പാർപ്പു കുറഞ്ഞിടത്ത് തള്ളിയതാണോയെന്ന സംശയവും ബലപ്പെടുകയാണ്.