എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്.
കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം. മലയാളിയുടെ ജീവിതവും കരുതലും സ്വപ്നങ്ങളുമെല്ലാം ഓണവുമായി ബന്ധപ്പെിരിക്കുന്നു.
എല്ലാം ഓണത്തിനു വേണ്ടി എന്ന മട്ടിലാണു കാര്യങ്ങൾ. പഴയ തലമുറ ഓണത്തിനു വിളവെടുക്കാൻ പച്ചക്കറികളും കാർഷികവിളകളും മാസങ്ങൾക്കു മുന്പേ നടുന്നതു പതിവായിരുന്നു. അത്തരം ഓർമകൾ കൂടിയുണ്ട് ഓണത്തിനൊപ്പം.
കൂട്ടായ്മയുടെ ഓണസദ്യ
കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.
പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി.
മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.
ഭക്ഷണം ഷഡ്രസപ്രധാനം
ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്.
മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.
ഓണസദ്യ സമീകൃതാഹാരം
ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്.
പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു. അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര.
ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.
തൂശനിലയിലെ കുത്തരിച്ചോറ്
ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും.
അലുമിനിയത്തിന്റെയും ചെന്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും.
അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളിലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനമാകും.
തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്
സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.
ഓണസദ്യ പോഷകസമൃദ്ധം
പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു.
കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.
(തുടരും)
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്