തൃശൂർ: യാത്രക്കാർ ഇരുന്നതോട ട്രെയിനിന്റെ സീറ്റു മറിഞ്ഞു വീണു. പിന്നിലെ സീറ്റിൽ യാത്രക്കാരില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ ആലപ്പുഴ-കണ്ണൂർ സ്പെഷൽ ട്രെയിനിലാണ് കഴിഞ്ഞ ദിവസം സീറ്റ് മറിഞ്ഞു വീണത്.
കേരളത്തിലോടുന്ന ട്രെയിനുകൾ ഏറ്റവും പഴക്കം ചെന്നതാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇത് റെയിൽവേ മന്ത്രാലയം ഇതുവരെ പരിഹരിച്ചിട്ടില്ല.
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലൊക്കെ ഏറ്റവും പുതിയ കോച്ചുകൾ നൽകുന്പോൾ കേരളത്തിലെ ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റാൻ തയ്യാറാകുന്നില്ല.
ട്രെയിനിലെ സീറ്റുകൾ വരെ തുരുന്പെടുത്ത് മറിഞ്ഞു വീഴുന്നത് ആദ്യത്തെ സംഭവമാണ്. കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിൽ പിന്നിലിരിക്കുന്നവരുടെ കാലുകൾ ഒടിയുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
സംഭവം യാത്രക്കാർ ടിടിഇയെയും പോലീസിനെയും വിവരമറിയിച്ചെങ്കിലും അവർ കൈമലർത്തി.ഇപ്പോൾ എല്ലാ ട്രെയിനുകളിലും ഇരട്ടി പണം നൽകി റിസർവേഷനെടുത്താണ് ആളുകൾ യാത്ര ചെയ്യുന്നത്.
ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വം പോലും നോക്കാൻ റെയിൽവേ അധികാരികൾ തയ്യാറാകുന്നില്ലത്രേ. ട്രെയിനിന്റെ സീറ്റ് മറിഞ്ഞു വീണിട്ടും അത് അടുത്ത സ്റ്റേഷനിലെത്തി പരിഹരിക്കാനോ അതിൽ ഇരുന്ന യാത്രക്കാരന് എന്തെങ്കിലും പരിക്ക് പറ്റിയോ എന്നു ചോദിക്കാൻ പോലും റെയിൽവേ അധികാരികൾ തയ്യാറായില്ല.
കേരളത്തിനകത്തോടുന്ന ട്രെയിനുകളെ കുറിച്ച് പരാതി പറഞ്ഞാൽ ഇത്രയെങ്കിലും ഓടുന്നുണ്ടല്ലോ എന്ന നിലപാടാണ് റെയിൽവേ അധികാരികൾക്കെന്ന് യാത്രക്കാർ പറഞ്ഞു.