കോഴിക്കോട്: പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാർ (86) അന്തരിച്ചു. വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. പി.ടി.ഉഷയുടെ പരിശീലകൻ എന്ന നിലയിലായിരുന്നു ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം നമ്പ്യാർ പ്രശസ്തനായത്.
രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്കി ആദരിച്ചു. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. കായികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നുമാണ് നമ്പ്യാർ പരിശീലക ലൈസൻസ് നേടിയത്. പിന്നീട് അദ്ദേഹം സർവീസസിന്റെ കോച്ചായി ചേർന്നു. കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലേക്കുവന്ന അദ്ദേഹം കേരളാ സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായി. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ അധ്യാപകനായി.
1970-ൽ ഇവിടെ വിദ്യാർഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ.