ജോൺസൺ വേങ്ങത്തടം
കോട്ടയം : എറണാകുളത്തെ സംസ്ഥാന സമ്മേളനം വിഭാഗീയതയുടെ ബദൽ വേദിയാകുമെന്ന ആശങ്കയിൽ സിപിഎം. 1985ൽ അവതരിപ്പിക്കപ്പെട്ട എംവിആർ ബദൽ രേഖ പോലെ 2022ലെ സംസ്ഥാന സമ്മേളനത്തിൽ പി.ജയരാജനും ജി.സുധാകരനുമുൾപ്പെട്ട ‘പി ജി ‘ ബദൽ ശക്തി പിറവി നൽകുമോയെന്ന നിരീക്ഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
വടക്കുനിന്ന് ‘പി ‘ യും തെക്ക് നിന്ന് ‘ ജി ‘ യും ഒത്തു ചേരുന്ന സംഘം സംസ്ഥാന സമ്മേളനത്തിൽ പിടിമുറുക്കാനുള്ള കരുനീക്കം നടത്തുമ്പോൾ , പാർട്ടിയ്ക്കുള്ളിലുണ്ടാകാനിടയുള്ള ആക്രമണത്തിനു തടയിടാനുള്ള നീക്കത്തിലാണ് ഔദ്യോഗിക പക്ഷം. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ ‘പി ‘ യുടെ സ്വാധീന മേഖലകളാണെന്നാണ് അറിയപ്പെടുന്നത്.
ജി പക്ഷം
ആലപ്പുഴ ജില്ലയിൽ ‘ ജി’ പക്ഷവും ശക്തമാണ്. ഇരു വിഭാഗവും സംസ്ഥാന സമ്മേളനത്തിനെത്തുമ്പോൾ വിഭാഗീയത, അതിന്റെ അതിർവരമ്പുകൾ കടന്നു പോകുമോയെന്ന സംശയത്തിലാണ് പാർട്ടി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം, കൊല്ലം ജില്ലയിലെ കുണ്ടറ, ആലപ്പുഴയിലെ അമ്പലപ്പുഴ, എറണാകുളത്തെ തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളനത്തിൽ രൂക്ഷമായ വിമർശനത്തിന് വഴിവയ്ക്കും.
എറണാകുളം ജില്ലയിലെ അറുപതോളം ലോക്കൽ ഏരിയാ നേതാക്കളുടെ സ്ഥാനങ്ങൾ സംസ്ഥാന സമ്മേളനത്തിന് മുൻപേ നഷ്ടപ്പെടും. സ്ഥാനം നഷ്ടപ്പെടുന്ന നേതാക്കൾ അണികളുടെയിടയിൽ കത്തിക്കയറി ചേരി തിരിഞ്ഞ് ലോക്കൽ, ഏരിയാ, ബ്രാഞ്ച് സമ്മേളനങ്ങളിൽ കരുതിക്കൂട്ടി ഔദ്യോഗിക പക്ഷത്തിനെതിരായി രൂക്ഷമായ വിമർശനം അഴിച്ചു വിടും.
തൃശൂരിൽ
തൃശൂർ ജില്ലയിൽ കരുവന്നൂർ വായ്പ തട്ടിപ്പ് സംബന്ധമായി നിരവധിയാളുകൾക്കെതിരെ പാർട്ടി നടപടിയെടുത്തു തുടങ്ങിയിട്ടുണ്ട്. ഈ നടപടികൾ തൃശൂർ ജില്ലയിൽ നടക്കാൻ പോകുന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയതയ്ക്കും രൂക്ഷമായ ചേരിതിരിവിനും ഇടയാക്കും.
മറുപക്ഷങ്ങളുടെ ബദൽ നീക്കങ്ങൾ മുൻകൂട്ടി മണത്തറിഞ്ഞ പിണറായിപക്ഷം ഇതു തടയാനുള്ള കരുനീക്കം തുടങ്ങി. സെപ്റ്റംബർ 15 മുതൽ നവംബർ വരെ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളന കാലങ്ങളാണ്.
ഡിസംബർ ജനുവരി മാസങ്ങളിൽ തുടങ്ങുന്ന ജില്ലാ സമ്മേളനങ്ങളിൽ ആദ്യത്തെ സമ്മേളനം നടക്കുന്നത് എറണാകുളത്തായിരിക്കും. ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനൊരുങ്ങാനുള്ളത് കൊണ്ടാണ് എറണാകുളത്ത് ആദ്യം തന്നെ ജില്ലാ സമ്മേളനം നടത്തുന്നത്.