പേരൂർക്കട: പേരൂർക്കട ലോ അക്കാഡമി അധ്യാപകന്റെ മരണകാരണം സംബന്ധിച്ച് പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചു.കോട്ടയം സ്വദേശി വഴയില എൻ.വി നഗർ ഹൗസ് നമ്പർ 65-ൽ വാടകയ്ക്ക് താമസിച്ചു വരുന്ന സുനിൽകുമാർ (40) ആണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് ലോ അക്കാഡമി ഗ്രൗണ്ടിൽ വച്ച് പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയത്.
ശരീരം വെന്തുപോയ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോ അക്കാദമി വിദ്യാർത്ഥിയായിരുന്ന സുനിൽ 8 വർഷത്തിലേറെയായി ഇവിടെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചിട്ട്. ക്യാമ്പസിലെ വിദ്യാർഥികളുമായി ആരോഗ്യകരമായ സംവാദത്തിന് ശേഷം ആണ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയശേഷം സുനിൽ ആത്മഹത്യ ചെയ്തത്.
ഇദ്ദേഹത്തിൻറെ മരണകാരണം സംബന്ധിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. പാരാസൈക്കോളജിയിൽ സുനിൽ റിസർച്ച് ചെയ്തിരുന്നു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ടോപ്പിക്ക് ആയിരുന്നു പാരാസൈക്കോളജി. അതേസമയം 2012 വർഷത്തിൽ നട്ടെല്ല് സംബന്ധമായ അസുഖത്തിന് ഇദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
കുറച്ചുകാലം വേദനയോടുകൂടി ആയിരുന്നു ജീവിതം. ശസ്ത്രക്രിയയ്ക്കുശേഷം കുറേ വർഷങ്ങൾ ആരോഗ്യകരമായ ജീവിതം നയിച്ചു വന്നിരുന്നുവെങ്കിലും വീണ്ടും രോഗപീഢ അലട്ടാൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി രോഗം കലശലാകുകയും സഹിക്കാനാകാത്ത വേദന ഉണ്ടാകുകയും ചെയ്തു.
ഇത് സംബന്ധിച്ച് നിരവധി മരുന്ന് അദ്ദേഹം ഉപയോഗിക്കുകയുണ്ടായി. രണ്ടാമത് ഒരു ശസ്ത്രക്രിയകൂടി ഇദ്ദേഹത്തിന് തീരുമാനിച്ചിരുന്നതാണ്. രണ്ടാമത് ഒരു ശസ്ത്രക്രിയകൂടി നടത്തിയാൽ അത് വിജയിക്കാനുള്ള സാധ്യത കുറവായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതാണ് പോലീസിന് ലഭിക്കുന്ന വിവരം.
അതേസമയം തന്റെ രോഗത്തിന്റെ അവസ്ഥ സംബന്ധിച്ച കാര്യങ്ങൾ ഒന്നും സുനിൽ വീട്ടിൽ സംസാരിച്ചിരുന്നില്ല. തന്റെ രോഗാവസ്ഥയും വിഷമങ്ങളും ശരീരവേദനയും കുടുംബത്തിൽനിന്ന് രഹസ്യമാക്കി വയ്ക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്.