പത്തനംതിട്ട: വാക്സിനേഷൻ സ്വീകരിച്ച് രണ്ടു മാസത്തിലധികം പിന്നിട്ട ഡോക്ടർമാരടക്കമുള്ളവരെ കോവിഡ് പിടികൂടി.
ബ്രേക്ക് ത്രൂ കേസുകളിൽ ജില്ലയിൽ പ്രതിരോധ ചികിത്സാ രംഗത്തു പ്രവർത്തിച്ചിരുന്ന ഡോക്ടർമാരെയും അവരുടെ കുടുംബാംഗങ്ങളെയും കോവിഡ് സാരമായി ബാധിച്ചിരിക്കുകയാണ്.
എൻഎച്ച്എം ജില്ലാ മാനേജർ കൂടിയായി ഡെപ്യൂട്ടി ഡിഎംഒ, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടുമാർ, പത്തനംതിട്ട ജനറൽ ആശുത്രി ആർഎംഒ എന്നിവർ കോവിഡ് ബാധിതരായി കഴിഞ്ഞു.
ജനറൽ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് സാരമായ പ്രശ്നങ്ങൾ കോവിഡ് ബാധ സൃഷ്ടിച്ചിട്ടുമുണ്ട്.
പലരുടെയും കുടുംബാംഗങ്ങളും കോവിഡ് പോസിറ്റീവായി മാറി. നഴ്സുമാരടക്കമുള്ള രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്.
കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസം പിന്നിടുന്നവരിൽ കണ്ടുവരുന്ന രോഗബാധ ബ്രേക്ക് ത്രൂ കേസുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇത്തരം രോഗബാധിതരുടെ എണ്ണം ജില്ലയിൽ പൊതുവെ വർധിച്ചുവരികയാണ്. കഴിഞ്ഞയിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ കണക്കെടുപ്പിലും ബ്രേക്ക് ത്രൂ കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ല പത്തനംതിട്ടയാണെന്ന് പരാമർശമുണ്ടായതാണ്.
ആരോഗ്യ പ്രവർത്തകരും മുൻനിര പോരാളികളുംഅടക്കം കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിലും പത്തനംതിട്ട പിന്നിലാണ്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ള ജില്ലയിലെ ആരോഗ്യപ്രവർത്തകരുടെ എണ്ണം 79 ശതമാനമാണ്.
കഴിഞ്ഞ ഓണക്കാലത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം നൂറായിരുന്നെങ്കിൽ ഇത്തവണ അത് എഴുന്നൂറും കടന്നിരിക്കുന്നു. ഓണം കഴിയുന്പോൾ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടാകാൻ സാധ്യതയുണ്ട്.