കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍ഗോഡ് ബേള സ്വദേശിനി സിസ്റ്റര്‍ തെരേസ ക്രാസ്റ്റ (48) സുരക്ഷിതയാണെന്നു ഫോണ്‍ സന്ദേശം ലഭിച്ചു.
ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പിബികെ ഇറ്റാലിയാന എന്ന പകല്‍ പരിപാലനകേന്ദ്രത്തില് അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു.
ഇറ്റാലിയന്‍ നയതന്ത്രകാര്യാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഇറ്റലിയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ് സിസ്റ്റര്‍ തെരേസ. ഇറ്റലിയില്‍നിന്നുള്ള പ്രത്യേകവിമാനം രണ്ടുദിവസത്തിനകം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു ചുറ്റുമുള്ള പ്രദേശ ങ്ങൾ താലിബാന് ഭീകരരുടെ നിയന്ത്രണത്തിലാണ്.
കാബൂള്‍ വിമാനത്താവളത്തിലേക്കു ചെറിയ ദൂരം മാത്രമേ ഉള്ളൂവെങ്കിലും നയതന്ത്രകാര്യാലയത്തില്നിന്നുള്ള സംരക്ഷണമില്ലാതെ അങ്ങോട്ട് പോകാന്‍ ശ്രമിക്കരുതെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഒറ്റയ്ക്ക് സ്ഥാപനത്തില്‍നിന്നു പോകുന്നത് സുരക്ഷിതമായിരിക്കില്ലെന്ന ഉപദേശത്തെത്തുടര്‍ന്നാണ് മറ്റുള്ളവര്‍ക്കൊപ്പം ഇറ്റലിയിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചത്.
കുമ്പളയ്ക്കു സമീപം ബേളയിലെ വ്യാകുലമാതാ ദേവാലയത്തിന് സമീപത്താണ് സിസ്റ്ററുടെ നാട്. ബേള പെരിയടുക്കയിലെ പരേതനായ ലൂയിസ് ക്രാസ്റ്റയുടെയും സെലിന് ഡിസൂസയുടെയും മകളാണ്.
ദക്ഷിണ കന്നഡ ജില്ലയിലെ നെല്ലിയാടി കോണ്‍വെന്റില്‍ സുപ്പീരിയറായിരിക്കേ 2017 ലാണ് ഇവര്‍ സ്വന്തം താത്പര്യപ്രകാരം അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിക്കാന്‍ പോയത്.
കഴിഞ്ഞ 17 ന് നാട്ടിലേക്ക് മടങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അതിനകം രാജ്യം താലിബാന്റെ നിയന്ത്രണത്തിലായതോടെ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടയില്‍ പിതാവ് ലൂയിസ് ക്രാസ്റ്റ രണ്ടുമാസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപതോളം കന്യാസ്ത്രീകള്‍ മഠത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഠവും സ്കൂളും ഭീകരർ വളഞ്ഞതായും പറയുന്നു.
അമേരിക്കന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സിസ്റ്ററിന്റെ സന്ദേശത്തില്‍ പറയുന്നു.