കുമരകം: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കുമരകത്ത് കായൽസഞ്ചാരികളുടെ തിരക്കേറി.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് നിശ്ചലമായി മാസങ്ങളോളം കിടന്ന ഹൗസ് ബോട്ടുകളെല്ലാം തന്നെ ഇന്നലെ വിനോദസഞ്ചാരികളുമായി കായൽസവാരി നടത്തി. ഇതു പുത്തൻ പ്രതീക്ഷ നൽകുന്നു.
വിനോദസഞ്ചാരികളിൽ ചിലർ ഹൗസ് ബോട്ട് കിട്ടാനില്ലാതെ നിരാശരായി മടങ്ങിയതും ഇന്നലെ കണ്ടു.
ബോട്ടു ജെട്ടിയിലും കവണാറ്റിൻകരയിലും ചീപ്പുങ്കലിലും കൈപ്പുഴമുട്ടിലുമുള്ള നൂറോളം ഹൗസ് ബോട്ടുകൾ നേരത്തെ ബുക്ക് ചെയ്തു പോയതാണ് വിനോദസഞ്ചാരികളിൽ ചിലർക്ക് കായൽയാത്ര നടത്താനാകാത്ത സ്ഥിതി സംജാതമാക്കിയത്.
അവരിൽ പലരും കായൽതീരത്തുനിന്നും കായലിലൂടെ സഞ്ചരിക്കുന്ന ഹൗസ്ബോട്ടുകളുടെ നീണ്ട നിര കണ്ടാണ് മടങ്ങിയത്.
ഇന്നലെ കണ്ട തിരക്ക് ഓണസീസണ് മുഴുവൻ തുടരുമെന്നും തുടർന്ന് ടൂറിസം മേഖല സജീവമാകും എന്ന പ്രതീക്ഷയാണ് നൽകുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂറിസം മേഖല പുതിയ തിരിച്ചുവരവിന് വാതിൽ തുറക്കുന്നത്.
വളരെ നല്ല മുന്നൊരുക്കങ്ങൾ നടത്തിയാണ് കുമരകത്തെ ഹൗസ്ബോട്ട്, ടൂറിസ്റ്റ് ടാക്സി,ഹോട്ടൽ മേഖലകൾ വിനോദസഞ്ചാരികളെ വരവേൽക്കാൻ സജ്ജമായിരിക്കുന്നത്.
ഓണാവധി ആയതിനാൽ കൂടുതൽ സഞ്ചാരികൾ വരുംദിവസങ്ങളിൽ കുമരകത്ത് എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് ഉടമകളും ജീവനക്കാരും.