മറയൂർ: കോവിഡിനേത്തുടർന്ന് വിനോദ സഞ്ചാര മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര മേഖലയിൽ ചെറിയ ഉണർവുണ്ടായെങ്കിലും പ്രതിസന്ധികൾ വിട്ടൊഴിയുന്നില്ല.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികൾ എത്തിയെങ്കിലും ചുരുക്കംപേർ മാത്രമാണ് ഇവിടെ തങ്ങിയത്.
ഭൂരിഭാഗം പേരും സന്ദർശനം നടത്തി അന്നുതന്നെ മടങ്ങുന്ന തരത്തിലാണ് യാത്രകൾ ക്രമീകരിച്ചത്.
മറയൂർ, കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ ഭൂരിഭാഗവും പാട്ടവ്യവസ്ഥയിൽ ലക്ഷക്കണക്കിന് രൂപ അഡ്വാൻസ് നൽകി മാസവാടക നൽകി പ്രവർത്തിക്കുന്നവയാണ്.
അടഞ്ഞുകിടന്നിരുന്ന കാലത്ത് വൈദ്യുതി ചാർജ്, തദ്ദേശ സ്ഥാപനങ്ങളിലെ നികുതി, സ്ഥിരം ജീവനക്കാരുടെ വേതനം, മെയിന്റനൻസ് എന്നിവയിലൂടെ നല്ലൊരു തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്.
ഓണക്കാലത്തോടനുബന്ധിച്ച് മുൻകൂർ ബുക്കിംഗുകൾ ആരംഭിച്ചെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് 30 ശതമാനം ബുക്കിംഗ് മാത്രമേ ആയിട്ടുള്ളൂവെന്ന് റിസോർട്ട് ഉടമകൾ പറയുന്നു.
ഓണക്കാലത്തെ ബുക്കിംഗിനെ ആശ്രയിച്ചു മാത്രമേ പിന്നീടുള്ള നടത്തിപ്പിനെ സംബന്ധിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. തമിഴ്നാട് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നതും പ്രതിസന്ധിയാണ്.
വിനോദ സഞ്ചാരികളെ ആശ്രയിച്ച് ജീവിച്ചിരുന്ന ജീപ്പ് സവാരി, ഗൈഡുകൾ, ചെറുകിട കച്ചവടക്കാർ എല്ലാംതന്നെ ഓണകാലത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.
റിസോർട്ടുകൾ മുൻപുണ്ടായിരുന്ന വാടകയുടെ നേർപകുതി മാത്രമാക്കി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.