ചങ്ങനാശേരി: പോലീസിന്റെ രാത്രി പരിശോധന ഫലം കണ്ടു. വീട് കുത്തിതുറന്ന കള്ളൻ പിടിയിലായി.
വെള്ളാവൂർ മണിമല നിരപ്പേൽ വീട്ടിൽ കൃഷ്ണൻകുട്ടി (71) ആണ് അറസ്റ്റിലായത്. ആഭരണശാലകളിൽ മോഷണം നടന്നതോടെ പോലീസ് പരിശോധന കർശനമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടിയിലാണ് കൃഷ്ണൻകുട്ടിയെ കണ്ടത്.
സംശായാസ്പദമായ സാചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായത്.
നാളുകൾക്കു മുന്പ് മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി ചങ്ങനാശേരി കേന്ദ്രീകരിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷനിലെ മോഷണ കേസിൽ ഇയാളെ പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമായി ആൾതാമസമില്ലാത്ത നിരവധി വീടുകളുണ്ട്.
ആൾത്തിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ഒഴിഞ്ഞ വീടുകൾ നോക്കിവച്ചശേഷം രാത്രികാലങ്ങളിൽ മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശേരി മോർക്കുളങ്ങര ഭാഗത്ത് തട്ടങ്ങാട് വീട്ടിൽ വർഗീസിന്റെ അടച്ചിട്ടിരുന്ന വീടാണ് പ്രതി കുത്തി തുറന്ന് മോഷണം നടത്തിയത്.
വീട്ടിൽ നിന്ന് 67,000 രൂപയുടെ പ്ലന്പിംഗ് ഫിറ്റിംഗുകളാണ് മോഷണം പോയത്. വീട് സൂക്ഷിക്കാൻ ജോലിക്കാരിയെ ഏല്പിച്ചതിന് ശേഷം വർഗീസ് കുടുംബസമേതം ഗൾഫിലായിരുന്നു.
ജോലക്കാരിക്ക് കോവിഡ് വന്നതോടെ രണ്ടാഴ്ചയായി വീട് വൃത്തിയാക്കുന്നതിനായി എത്തിയിരുന്നില്ല. കോവിഡ് നെഗറ്റീവായതിന് ശേഷം വീട്ടിൽ എത്തിയപ്പോൾ അടുക്കള വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി.
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ പോലീസ് ചീഫ് ഡി.ശില്പയുടെ നിർദ്ദേശത്തെ തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ സിഐ പ്രശാന്ത് കുമാർ, എസ്ഐ ജയകൃഷ്ണൻ,
എസ്ഐ രമേശ് ബാബു, എഎസ്ഐ ഷിജു കെ.സൈമണ്, എഎസ്ഐ സുരേഷ്കുമാർ, സിപിഒമാരായ കലേഷ്, സുജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.