പട്ന: ബോട്ടില്‍ യാത്ര ചെയ്തതിന്റെ കൂലിയായി 10 രൂപ ആവശ്യപ്പെട്ട കൗമാരക്കാരനെ വെടിവച്ചു കൊലപ്പെടുത്തി. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ ബാന്ഭൗര ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
സികാല്‍ യാദവ്(17)ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന പ്രദേശത്തിന് ചുറ്റും വെള്ളം കെട്ടികിടക്കുന്ന മേഖലയാണ്. ആളുകളെ മറ്റ് സ്ഥലങ്ങളില്‍ തന്റെ ബോട്ടില്‍ എത്തിക്കുന്ന ജോലിയാണ് സികാലിന്റേത്.
ഞായറാഴ്ച വൈകിട്ട് ബോട്ടില്‍ യാത്ര ചെയ്തവരോട് കൂലിയായി സികാല്‍ 10 രൂപ ആവശ്യപ്പെട്ടിരുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ച സംഘം സികാലുമായി ഏറ്റുമുട്ടി. തുടര്‍ന്ന് പ്രദേശവാസികളും ബോട്ടിലെ യാത്രക്കാരുമാണ് സികാലിനെ രക്ഷിച്ചത്.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വീടിന് മുന്പില് നില്‍ക്കുകയായിരുന്ന സികാലിനു നേരെ ഒരു സംഘമാളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സികാല്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പ്രദേശവാസിയായ ഒരാളാണ് വിവരം പോലീസില്‍ അറിയിച്ചത്.
പ്രദേശം മുഴുവന്‍ വെള്ളക്കെട്ടായതിനാല്‍ പോലീസിന് കൃത്യസമയത്ത് എത്താനായില്ല. സികാലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭത്തിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.