ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആഭരണശാലയിൽ നിന്നും വെള്ളി ആഭരണങ്ങൾ മോഷണം പോയ സംഭവത്തിലെ പോലീസ് അന്വേഷണം കരുവാറ്റ, പത്തനാപുരം കേന്ദ്രീകരിച്ചു പുരോഗമിക്കുന്നു.
ചങ്ങനാശേരിയിൽ നടന്നതിനു സമാനമായ മോഷണം പത്തനാപുരത്തുള്ള വിനായക ജ്വല്ലറിയിലും കരുവാറ്റയിലുള്ള ജ്വല്ലറിയിലും നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ കടകളിലെല്ലാം മഴക്കോട്ട് അണിഞ്ഞ് എത്തിയ ആൾ വെള്ളി ആഭരണങ്ങൾ മാത്രമാണ് മോഷ്്ടിച്ചത്.
മൂന്നു സ്ഥലങ്ങളിലും മോഷ്ടാവ് എത്തിയതു സ്വിഫ്റ്റ് കാറിലാണെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാറിന്റെ രജസ്റ്റർ നന്പർ പോലീസിന് ലഭ്യമായിട്ടില്ലെങ്കിലും കാർ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്. കേസ് അന്വേഷിക്കുന്ന 20അംഗം പോലീസ് സംഘം പത്തനാപുരം, ഹരിപ്പാട് പോലീസുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
നാട്ടുകാരൻ ?
മോഷണം നടന്ന കടയിലെത്തിയ ഡോഗ് സ്ക്വാഡിലെ നായ കടകളിലെ പരിശോധനക്കുശേഷം കാക്കാംതോട് എത്തിയാണ് നിന്നത്. ഇതോടെ മോഷണത്തിനു പിന്നിൽ നാട്ടുകാരനാണെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. പ്രഫഷണൽ മോഷ്ടാവ് തന്നെയാണ് കവർച്ച നടത്തിയതെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്.
മഴക്കോട്ട് അണിഞ്ഞു ഒരു കയ്യിൽ കുടയും മറ്റൊരു കയ്യിൽ കന്പിപ്പാരയും പിടിച്ചാണ് മോഷ്്ടാവ് എത്തിയത്. കുട പിടിച്ചതു സിസിടിവി ദൃശ്യങ്ങളിൽ മുഖം മറയ്ക്കാനാണെന്നും പ്രഫഷണൽ മോഷ്ടാവിന്റെ ലക്ഷണമാണിതെന്നും പോലീസ് പറയുന്നു.
ആളൊഴിഞ്ഞ അസീസി റോഡിലൂടെ മോഷ്ടാവ് നടന്നുവരുന്ന ദൃശ്യങ്ങൾ ഇവിടെയുള്ള ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന്റെ സിസിടിവിയിലാണു പതിഞ്ഞത്. 12നു രാത്രിയിൽ 12.30മുതൽ 2.15വരെയുള്ള സമയം മോഷ്ടാവ് മോഷണത്തിനായി വിനിയോഗിച്ചുവെന്നും സിസി ടിവിയിൽ നിന്നും വ്യക്തമാകുന്നുണ്ട്.
ഷട്ടറുകളുടെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് രണ്ടു കടകളിൽനിന്നുമായി ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളാണു മോഷ്ടിച്ചത്. പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ മാത്രം അകലെ നടന്ന മോഷണം പോലീസ് ഏറെ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.
പോലീസും നാട്ടുകാരും കോവിഡിന്റെ ജാഗ്രതയിലും ആശങ്കയിലും കഴിയുന്ന സാഹചര്യം മുതലാക്കിയാണു മോഷ്ടാക്കൾ ആസൂത്രിത നീക്കങ്ങൾ നടത്തുന്നത്. നഗരത്തിൽ വഴിവിളക്കില്ലാത്തത് മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധർക്കും ഗുണമാകുന്നു.