ഷാജിമോന്‍ ജോസഫ്
കൊച്ചി: ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നു ലോക് താന്ത്രിക് ജനതാദളിൽ (എല്‍ജെഡി) ഉടലെടുത്തിട്ടുള്ള പ്രതിസന്ധി മുതലാക്കാന്‍ എല്‍ഡിഎഫിലെ തന്നെ ഘടകകക്ഷിയായ ജനതാദള്‍-എസ്. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറിനെതിരേ കലാപക്കൊടി ഉയര്‍ത്തി നില്ക്കുന്ന വിമതവിഭാഗത്തെ അണിയറയില്‍ എത്തിക്കാനാണു ജെഡിഎസ് നീക്കം.
ഇതിന്റെ ഭാഗമായി ജെഡിഎസിന്റെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം കായംകുളത്തുള്ള പ്രമുഖ എല്‍ജെഡി നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയുണ്ടായി. ജെഡിഎസിലേക്കു ക്ഷണിച്ച മന്ത്രി അദേഹത്തിനു പാര്‍ട്ടിയില്‍ വലിയ പദവിയും വാഗ്ദാനം ചെയ്തു.
ചില നിയമക്കുരുക്കുകളും രണ്ടു പാര്‍ട്ടിയിലേയും കുറെയേറെ പ്രവര്‍ത്തകരുടെ എതിര്‍പ്പും മൂലമാണ് ഏറെക്കാലമായി ഉയര്‍ന്നുകേട്ട ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ഥ്യമാകാതെ പോയത്. പുതിയ സാഹചര്യത്തില്‍ ലയനമില്ലാതെ തന്നെ എല്‍ജെഡിയിലെ വിമതവിഭാഗത്തെ ഒപ്പം കൊണ്ടുവരാന്‍ ജെഡിഎസിനാവും.
ഏതാനും ചില വിമതനേതാക്കള്‍ ജെഡിഎസിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അറിയുന്നു. എല്‍ജെഡി ചേരിപ്പോരില്‍ പ്രബല വിഭാഗം ശ്രേയാംസ്കുമാറിനെതിരേയാണെന്നതു കണക്കിലെടുത്താണ് ആ വിഭാഗത്തെതന്നെ ജെഡിഎസ് ലക്ഷ്യംവയ്ക്കുന്നത്.
പ്രമുഖർ എൽജെഡി വിട്ടേക്കും
എല്‍ജെഡിയില്‍ പിളര്‍പ്പുണ്ടായാലും ഇല്ലെങ്കിലും കുറെയേറെപേര്‍ ജനതാദള്‍-എസില്‍ രാഷ്ട്രീയ അഭയം തേടുമെന്ന് എല്‍ജെഡിയിലെ തന്നെ ഒരു നേതാവ് വെളിപ്പെടുത്തി. വിമതവിഭാഗത്തില്നിന്നു മാത്രമല്ല, ഇപ്പോള്‍ ശ്രേയാംസ്കുമാറിനൊപ്പമുള്ള ചിലര്‍ പോലും എല്‍ജെഡി വിട്ടേക്കാം.
അതുപോലെ തന്നെ മുമ്പ് ലയനത്തിന് അനുകൂലമായിരുന്ന ചിലരും ജെഡിഎസ് പാളയത്തിലേക്ക് നീങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്‍ജെഡിയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയഭാവിയില്ല എന്ന തിരിച്ചറിവാണ് പലരേയും കൂടുവിടാന്‍ പ്രേരിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.
വീണ്ടും ചർച്ച
എല്‍ജെഡിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ അവസാനവട്ടശ്രമമെന്ന നിലയില്‍ ഈയാഴ്ച ശ്രേയാംസ്കുമാര്‍ വിഭാഗവും അഖിലേന്ത്യാ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ഷേക്ക് പി.ഹാരീസ് എന്നിവരെയും അനുകൂലിക്കുന്ന വിഭാഗവും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്.
ഇരു വിഭാഗത്തിലേയും മിതഭാഷികള്‍ ചര്‍ച്ചയെ അനുകൂലിക്കുമ്പോള്തന്നെ തീവ്രനിലപാടുള്ള നേതാക്കളും പ്രവര്‍ത്തകരും ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നതില്‍ അതൃപ്തരണ്. വിമതര്‍ക്കെതിരേ നടപടി വേണമെന്ന് ശ്രേയാംസ്കുമാര്‍ വിഭാഗത്തിലെ തീവ്രനിലപാടുകാര്‍ ആവശ്യപ്പെടുമ്പോള്‍ ഇനി ചര്‍ച്ചകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് തീവ്രനിലപാടുള്ള വിമതരുടെ നിലപാട്.
പിളര്‍പ്പുണ്ടാകുന്ന പക്ഷം അണികളെ പിടിച്ചുനിര്‍ത്തുക എല്‍ജെഡിയിലെ ഇരു വിഭാഗത്തിനും ദുഷ്ക്കരമാകുമെന്നു സാരം. പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഭയന്നാണ് ഇപ്പോള്‍ ഇരു വിഭാഗവും ചര്‍ച്ചയ്ക്ക് തയാറാകുന്നത്.