സ്വന്തം ലേഖകൻ
തിരുവില്വാമല: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പു കേസിലുൾപ്പെട്ട പ്രതികൾ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി സൂചന. ഇവർ ഇവിടെ കഴിഞ്ഞതായി സംശയിക്കുന്ന രേഖകൾ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനെത്തിയ വനിത ഡെപ്യൂട്ടി കളക്ടർ ദേവസ്വത്തിന്റെ ആഞ്ജനേയ ഗസ്റ്റ് ഹൗസിലെടുത്ത മുറിയിൽ നിന്നു ചില രേഖകൾ കണ്ടെത്തിയതിനെ തുടർന്നാണു പ്രതികൾ ഇവിടെ താമസിച്ചിരുന്നതായ സംശയം ഉടലെടുത്തത്.
മുറിയിലെ ഷെൽഫിൽ നിന്നു കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 2008 മുതൽക്കുള്ള ആധാരങ്ങളും റസീറ്റുമടക്കമുള്ളവയാണു കിട്ടിയത്.വിവരം പഴയന്നൂർ പോലീസിനെ അറിയിച്ചതിനെ തുടർന്നു പോലീസെത്തി റൂമിൽ പരിശോധന നടത്തി. നിർണായക രേഖകൾ ആയതിനാൽ ഡെപ്യൂട്ടി തഹസീൽദാർ റൂം പൂട്ടി താക്കോൽ കൈവശംവച്ചു.
കരുവന്നൂർ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ ഉല്ലാസ്, ജോർജ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ഇന്നലെ തിരുവില്വാമല ഗസ്റ്റ് ഹൗസിലെത്തി പരിശോധന നടത്തി.
കരുവന്നൂർ തട്ടിപ്പു കേസിലെ പ്രതികൾ ഗസ്റ്റ് ഹൗസിൽ താമസിച്ചതിനു രേഖകളില്ലെന്നും കണ്ടെടുത്തതായ കടലാസുകൾ 2008ൽ ബാങ്കിലെ മേശയും കസേരയുമടക്കമുള്ള ഫർണീച്ചറുകൾ കരാറുകാരൻ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുവന്നപ്പോൾ അറിയാതെ അതിൽപ്പെട്ടതാണെന്നുമാണ് ഉദ്യോഗസ്ഥർ പരിശോധനകൾക്കു ശേഷം മാധ്യമങ്ങളോടു പറഞ്ഞത്.
റബ്കോയുടെ ഫർണീച്ചറുകളാണ് ഗസ്റ്റ് ഹൗസിലേക്കു വാങ്ങിയതെന്നും അതിന്റെ വിതരണക്കാർ കരുവന്നൂർ ബാങ്കായിരുന്നുവെന്നും ഓർഡർ നൽകിയ ഫർണീച്ചറുകൾ വിതരണം ചെയ്യാൻ തികയാതെ വന്നപ്പോൾ ബാങ്കിലെ ഫർണീച്ചർ കൊണ്ടുവന്നതാകാമെന്നുമാണു ദേവസ്വം അധികൃതർ സംശയിക്കുന്നത്.
എന്നാൽ, പതിമൂന്നു വർഷമായി തുറക്കാത്ത മേശവലിപ്പിനെക്കുറിച്ചു ദേവസ്വം അധികൃതർക്കും ഉത്തരമില്ല.