വൈപ്പിന്‍: അര പവന്റെ സ്വര്‍ണമാല കാമുകനു സമ്മാനിച്ചശേഷം കളവ് പോയതാണെന്ന് പരാതിപ്പെട്ട പതിനേഴുകാരി അഞ്ചു പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയും ഹൈവേ പട്രോളിംഗ് പോലീസിനെയും നാലു മണിക്കുറോളം വട്ടംകറക്കി.
ക്ഷേത്രത്തില്‍ പോയിവരുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചു കടുന്നുവെന്നായിരുന്നു പരാതി. ഇന്നലെ ചെറായിലാണ് സംഭവം നടന്നത്.വിവരമറിഞ്ഞതോടെ പോലീസ് വൻ സന്നാഹങ്ങളുമായി റോഡിലിറങ്ങിയെങ്കിലും പെണ്‍കുട്ടി പറഞ്ഞരീതിയിലുള്ള മോഷ്ടാക്കളെ കണ്ടെത്താനായില്ല.
ഇതിനിടയില്‍ പോലീസിനു പെണ്‍കുട്ടിയില്‍ സംശയം ജനിച്ചതോടെയാണ് യഥാര്‍ഥ്യം പുറത്തറിയുന്നത്. ഇതു സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ:
രാവിലെ 11.30നു ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്ന്ന് എത്തിയ കറുത്ത ഹെല്‍മറ്റും കറുത്ത വസ്ത്രങ്ങളും ധരിച്ച രണ്ടംഗ സംഘം വീടിനു അടുത്തെത്തുന്നതിനു മുന്നായി മാല പൊട്ടിച്ചു രക്ഷപ്പെട്ടുവെന്നായിരുന്നു പരാതി.
തുടർന്ന് പെണ്‍കുട്ടിയില്‍നിന്നു കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ ബൈക്കിന്റെ നിറവും കമ്പനിയും ബ്രാന്റും പെണ്‍കുട്ടി അറിയിച്ചു. ഇതോടെ മുനമ്പം പോലീസ് ഞാറക്കല്‍, പറവൂര്‍, വടക്കേക്കര, വരാപ്പുഴ മേഖലയിലെ പോലീസ് സ്റ്റേഷനുകളുമായും ഹൈവേ പട്രോളിംഗ് ടീമുമായും ബന്ധപ്പെട്ട് വിവരം കൈമാറി.
ഇതോടെ എട്ടോളം പോലീസ് വാഹനങ്ങള്‍ വിവിധ മേഖലകളിലായി പെണ്‍കുട്ടി പറഞ്ഞ രീതിയിലുള്ള മോഷ്ടാക്കളെ തേടിയിറങ്ങി.പെണ്‍കുട്ടി രാവിലെ പോയ ക്ഷേത്രത്തിനു സമീപമുള്ള സിസിടിവി കാമറ പരിശോധിപ്പോള്‍ പെണ്‍കുട്ടി പറഞ്ഞ രീതിയിലുള്ള ആരും പിന്തുടരുന്നതായി കണ്ടെത്തിയില്ല. ഇതോടെ പോലീസിനു സംശയമായി.
മാല പൊട്ടിക്കുന്നതിനിടയില്‍ ഇത്ര കൃത്യമായും ബൈക്കിന്റെ ബ്രാന്‍ഡ് വരെ കണ്ടത്തി പറയാന്‍ സാധാരണ മാലപൊട്ടിക്കലിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് ആവില്ലെന്ന തിരിച്ചറിവും പോലീസിനുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയോട് പോലീസ് സത്യം പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥ കഥ അറിയുന്നത്.
തിരുവനന്തപുരം സ്വദേശിയായ കാമുകന് തന്നെ കാണാന്‍ കഴിഞ്ഞ ദിവസം ചെറായിയില്‍ വന്നിരുന്നെന്നും അപ്പോള്‍ സമ്മാനമായി മാല ഊരി നല്‍കിയതാണെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നതിനാലാണ് മോഷണക്കഥ പറഞ്ഞുണ്ടാക്കിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിക്ക് തല്കാലം മാപ്പ് നല്കി ഉപദേശിച്ച് വീട്ടുകാര്‍ക്കൊപ്പം പറഞ്ഞുവിട്ടു.