കോളിളക്കം സൃഷ്ടിച്ച ബംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രമുഖ നടിമാരായ സഞ്ജന ഗല്‍റാണിക്കും രാഗിണി ദ്വിവേദിക്കുമെതിരേ തെളിവ് ലഭിച്ചുവെന്ന് ബംഗളൂരു സിറ്റി പോലീസ്.
ഇരുവരെയും പ്രതി ചേര്‍ത്ത് നേരത്തെ തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇരുവരും ലഹരി മരുന്ന് മാഫിയയുടെ ഭാഗമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.
ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ മുടി പരിശോധനയിലാണ് സുപ്രധാന തെളിവ് ലഭിച്ചതെന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് മാധ്യമങ്ങളോട് പറഞ്ഞു.
കന്നഡ സിനിമാ മേഖലയില്‍ വ്യാപകമായി ലഹരി ഉപയോഗമുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
നഗരത്തില്‍ നടന്ന ചില നിശാ പാര്‍ട്ടികളില്‍ മയക്ക് മരുന്ന് വിതരണം നടന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ചില വിദേശികള്‍ ഉള്‍പ്പെടെ അറസ്റ്റിലായ കേസാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.
സംശയം തോന്നിയ ബംഗളൂരു പോലീസ് ആഫ്രിക്കന്‍ വംശജരായ രണ്ടു പേരെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തി.
തുടര്‍ന്ന് സിനിമാ മേഖലയിലെ പലര്‍ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തി. പിന്നീടാണ് പ്രമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.
സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നീ നടിമാരെ കൂടാതെ വീരന് ഖന്ന, മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകള്‍ ആദിത്യ ആല്‍വ എന്നിവരുള്‍പ്പെടെയുള്ളവരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീരന് ഖന്നയാണ് വിവാദമായ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഈ പാര്‍ട്ടിയിലാണ് മയക്ക് മരുന്ന് ഉപയോഗം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
ബംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തില്‍ അഭിമാനിക്കുന്നു എന്ന് കമ്മീഷണര്‍ കമല്‍ പന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് സുപ്രധാന തെളിവ് കേസില്‍ ലഭിച്ചിരിക്കുന്നു. നടിമാരുടെ മുടി ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഈ പരിശോധനയില്‍ താരങ്ങള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിഞ്ഞുവെന്നും കമ്മീഷണര്‍ പറഞ്ഞു.
നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല.
നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും വിഐപികള്‍ പ്രതികളായ കേസായതിനാല്‍ അന്വേഷണ സംഘത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ മറികടക്കേണ്ടി വന്നിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.