അജിൽ നാരായണൻ
തൃശൂർ: കടലിൽനിന്ന് മടങ്ങിയെത്തുന്ന വള്ളങ്ങളിൽ മീൻ തീരെയില്ല. കിട്ടുന്നതു താരതമ്യേന വില കുറഞ്ഞ അയല മാത്രവും. മത്സ്യലഭ്യത നന്നേ കുറഞ്ഞതോടെ കഷ്ടപ്പാടിലായിരിക്കുകയാണ് ചെറുവള്ളങ്ങളുമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ.
മുൻവർഷങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ മത്സ്യലഭ്യത 60 ശതമാനം കുറഞ്ഞതായി അഴീക്കോട് ഹാർബറിലെ തൊഴിലാളികൾ പറഞ്ഞു.ചാള(മത്തി), ആവോലി, അയല, ചൂരക്കണ്ണി എന്നിവയുമായി ബോട്ടുകൾ അടുത്തിരുന്ന ഹാർബറിൽ ഇപ്പോൾ കൂടുതലായും കിട്ടുന്നത് അയല മാത്രം.
ചെറിയ അയല കിലോയ്ക്ക് 50-60 രൂപയാണ് ഇപ്പോൾ ലേലവില.അഴീക്കോട് ഹാർബറിൽനിന്ന് കടലിലിറങ്ങിയ 35 വള്ളങ്ങളിൽ ആറു വള്ളങ്ങൾക്കൊഴികെ ആർക്കും ചൊവ്വാഴ്ച മീൻ കിട്ടിയില്ല.
കിട്ടിയതിൽതന്നെ ഒരു വള്ളമൊഴികെയുള്ളവർക്കെല്ലാം അയലയാണ് കിട്ടിയത്. അന്നു മാത്രമല്ല മുൻ ദിവസങ്ങളിലും സമാനമായിരുന്നു അവസ്ഥ. ഓണക്കാലത്തു ചതയ ദിവസം മാത്രമാണ് എല്ലാ വള്ളങ്ങൾക്കും മീൻ കിട്ടിയത്.
ഒരു വള്ളത്തിനു മാത്രം ചൊവ്വാഴ്ച പരവയും(വെള്ളടു) പല്ലിക്കോരയും ലഭിച്ചു. കിലോ 250 രൂപയ്ക്കാണ് പരവ ലേലത്തിൽ പോയത്. പല്ലിക്കോരയ്ക്ക് 200 രൂപവരെ കിട്ടി.
ഒരുകാലത്തു സുലഭമായിരുന്ന ചാളയുടെ ലഭ്യത നന്നേ കുറഞ്ഞിരിക്കുകയാണ് നമ്മുടെ തീരപ്രദേശത്താകെ. തമിഴ്നാട് തീരത്തുനിന്നാണ് ഇപ്പോൾ ചാള കൂടുതലായി കിട്ടുന്നത്.
വെള്ളത്തിന്റെ ചൂട് വർധിച്ചതും പുലിമുട്ടുകൾ വന്നതുമെല്ലാമാണ് ചാള തീരംവിടാനുള്ള കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.