ഷൊർണൂർ: പഠനം വാട്സാപ്പിലൂടെയായിരുന്നുവെങ്കിലും ഗുരുമുഖത്തുനിന്ന് വിദ്യയഭ്യസിച്ച താളപ്പെരുക്കത്തോടെ അവർ കൊട്ടിക്കയറി.
പതികാലം പിന്നിട്ട് അടന്തകൂറും കഴിഞ്ഞ് ദ്രുത കാലത്തിലേക്ക് കടന്ന അരങ്ങേറ്റ കാഴ്ച്ചയ്ക്ക് സാക്ഷിയായി ആചാര്യ സ്ഥാനത്ത് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമുണ്ടായിരുന്നു.
തായന്പക പഠിക്കണമെന്ന രണ്ടു യുവാക്കളുടെ അടങ്ങാത്ത മോഹ സാഫല്യത്തിന്റെ കൊട്ടിക്കലാശം കൂടിയായിരുന്നു അത്. കോവിഡ് നിയന്ത്രണങ്ങൾ ഇതിനു തടസമായില്ല.
രണ്ടു വർഷം വാട്സാപ്പിലെ പഠനത്തിലൂടെ വെള്ളിനേഴി കുറുവട്ടൂർ നാണുനായർ സ്മാരക കലാകേന്ദ്രത്തിലെ പൂജപ്പുര സ്വദേശികളായ സുനിൽ രാജേശ്വരൻ, അകിത് രാജ് എന്നിവരുടെ തായന്പക അരങ്ങേറ്റമാണ് നടന്നത്.
കലാകേന്ദ്രത്തിലെ ചെണ്ടവാദ്യ അധ്യാപകൻ സദനം രാമദാസ് ആണ് ഇരുവരെയും വാട്സാപ്പിലൂടെ തായന്പക അഭ്യസിപ്പിച്ചത്.
ഇത് അപൂർവ നേട്ടമാണെന്നു കലാകേന്ദ്രം ഭാരവാഹികൾ പറയുന്നു. അരങ്ങേറ്റം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തന്നെയാണ് ഉദ്ഘാടനം ചെയ്തതും.
വാട്സാപ്പുവഴി അപൂർവമായ നേട്ടം കൈവരിച്ച പ്രതിഭകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.