പാലാ: ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവാവിനെ പിടികൂടിയ പോലീസ് പുലിവാൽ പിടിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ മുത്തോലിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.
രണ്ടു ദിവസം മുമ്പ് ജോലിക്കെത്തിയ പത്തനംതിട്ട അയിരൂര്‍ സ്വദേശി കാനത്തില്‍ ഹരിലാല്‍ (48) കൂലി കിട്ടിയില്ലെന്ന് ആരോപിച്ച് ഹോട്ടലിന്റെ ചില്ലുകളും പാത്രങ്ങളും തല്ലിത്തകര്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലാ എസ്എച്ച്ഒ കെ.പി. ടോംസന്റെ നിര്‍ദേശപ്രകാരം എസ്ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അക്രമാസക്തനായി നിന്ന ഹരിലാലിനെ പിടികൂടി.
തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് പോലീസ് പുലിവാല് പിടിച്ചത്.
ആശുപത്രിയിലെത്തിയതോടെ ഹരിലാല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. കൈക്ക് മുറിവേറ്റിരുന്ന ഇയാള്‍ നിരവധി അസ്വസ്ഥതകള്‍ പറഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിവിധ പരിശോധനകള്‍ കുറിച്ചു.
അയ്യായിരത്തിലേറെ രൂപയുടെ ടെസ്റ്റുകള്‍ക്ക് കുറിച്ചതോടെ പോലീസ് വിഷമവൃത്തത്തിലായി.
സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും പരിശോധനകള്‍ ഒഴിവാക്കിയാല്‍ പിന്നീട് പ്രശ്നമാകുമെന്നാണ് ഉപദേശം ലഭിച്ചത്.
ഇതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.