മൂവാറ്റുപുഴ: പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കൂടുതൽ പേര് തട്ടിപ്പിന് ഇരയായതായതായി പോലീസിന് വിവരം ലഭിച്ചതായി സൂചന .സംഭവവുമായി ബന്ധപ്പെട്ട രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ ഷാജി (54) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പതിനഞ്ചോളം പേരിൽ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്ന പരാതിയിലാണ് മുവാറ്റുപുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതൽ പേര് തട്ടിപ്പിനിരയായതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
പാസ്റ്ററായ ഷാജിക്കൊപ്പം തട്ടിപ്പിന് കൂടുതൽ പേര് ഉണ്ടെന്നും ഇവരും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
മൂവാറ്റുപുഴ അടൂപ്പറമ്പിൽ അഡോണ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഷാജി . ഇതിന്റെ മറവിലാണ് പണം തട്ടിയത്. ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി.
ഇതറിഞ്ഞ ഇയാൾ മുങ്ങുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേഴക്കാപ്പിള്ളിയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്.
പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് തട്ടിപിന് ഇരയായവർ ഹോം നഴ്സിംഗ് സ്ഥാപനത്തിൽ എത്തിയെങ്കിലും ഇത് അടച്ചു പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഷാജിയുടെ വീട്ടിൽ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് പങ്കാളികൾ പറ്റിച്ചു എന്നായിരുന്നു വിശദീകരണം.
പണം തിരികെ നൽകാൻ കഴിയില്ലെന്നും അറിയിച്ചു. ഇതേ തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ച് പണം തിരികെ വാങ്ങാനായിരുന്നു ഉപദേശം. ഇതേ തുടർന്നാണ് ഉദ്യോഗാർഥികൾ ഡിജിപിക്ക് പരാതി നൽകിയത്.
ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കിടപ്പിടം പണയപ്പെടുത്തിയും വായ്പകൾ വാങ്ങിയുമൊക്കെയാണ് പലരും പണം നൽകിയിരിക്കുന്നത്. കൂടുതൽ പേർ വഞ്ചിതരാകാതിരിക്കാനെങ്കിലും തട്ടിപ്പു നടത്തിയവരെ പിടികൂടണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം.