ന്യൂഡൽഹി: ടോക്കിയോ ഒളിന്പിക്സ് ജാവലിൻത്രോ ഫൈനലിനിടെ പാക് താരം അർഷാദ് നദീം തന്റെ ജാവലിൻ എടുത്തതു കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്ര.
ഫൈനലിൽ നീരജ് ചോപ്രയുടെ ആദ്യ ഏറിനു മുന്പ് പാക് താരം ജാവലിനിൽ കൃത്രിമത്വം കാണിച്ചെന്ന പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു നീരജ്.
ആദ്യ ത്രോയ്ക്ക് മുന്പ് അർഷാദ് നദീം പരിശീലനത്തിനായാണു തന്റെ ജാവലിൻ എടുത്തതെന്നും ആർക്കുവേണമെങ്കിലും ആരുടെയും ജാവലിൻ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങൾ ഈ സംഭവത്തെ പർവതീകരിച്ച് ചിത്രീകരിക്കുന്നത് കണ്ടതുകൊണ്ടാണു പ്രതികരിക്കുന്നത്.
പാക് താരത്തിനെതിരായ ചില പ്രതികരണങ്ങൾ കണ്ടപ്പോൾ തീർത്തും നിരാശനായി. സ്പോർട്സ് ഞങ്ങളെ ഒരുമിച്ചു നിൽക്കാനാണ് പഠിപ്പിച്ചത്- നീരജ് ചോപ്ര പറഞ്ഞു.