തിരുവല്ല: വര്‍ഷങ്ങളായി കേറ്ററിംഗ് മേഖലയില്‍ മാത്രമല്ല പൊതുരംഗത്തും സിനിമാ ലോകത്തുമെല്ലാം തിരുവല്ലയില്‍ ഒരു നൗഷാദ് ടച്ചുണ്ട്. നൗഷാദിന്റെ മരണത്തോടെ തിരുവല്ലയ്ക്ക് ഇതു നഷ്ടമാകുകയാണ്.
നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്റോറന്റ്, കേറ്ററിംഗ് സ്ഥാപനത്തിലൂടെ തിരുവല്ലയുടെ കെ.നൗഷാദ് ശ്രദ്ധേനായി മാറുന്നത്.
പിതാവ് കനിയാണ് തിരുവല്ലയില്‍ ഹോട്ടല്‍ കനി ദീപ ജംഗ്ഷനില്‍ തുടങ്ങുന്നത്. പിന്നീട് ഇത് നൗഷാദ് ഹോട്ടലായി മാറി. ഇഷ്ടഭക്ഷണങ്ങളൊരുക്കി തിരുവല്ലയ്ക്കു രുചിയേകിയ കെ.നൗഷാദ് കേറ്ററിംഗ് രംഗത്തേക്കു കടന്നു.
പാചകരംഗത്ത് നൗഷാദിന്റേതായ രുചിക്കൂട്ടുകള്‍ ഏറെ പ്രശസ്തമായി. കേറ്ററിംഗ് ശൃംഖല വിപുലപ്പെട്ടതോടെ അദ്ദേഹത്തിന്റെ കീഴില്‍ നിരവധി പേര്‍ക്കു ജോലിയായി.
തൊഴില്‍ രഹിതരായ നിരവധി യുവാക്കളെ നൗഷാദ് കേറ്ററിംഗ് സ്ഥാപനം കൈപിടിച്ചുയര്‍ത്തി. കേറ്ററിംഗ് രംഗത്ത് ആദ്യകാലത്ത് ഏറെ പ്രശസ്തമായി മാറിയ നൗഷാദിനെത്തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളെത്തിത്തുടങ്ങി.
വലിയ ശരീര പ്രകൃതം കൗണ്ട് ശ്രദ്ധേയനായ നൗഷാദ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത് തന്റെ ഉത്തമ സുഹൃത്തായ ബ്ലെസിയുടെ പ്രചോദനം കൊണ്ടാണ്.
ബ്ലെസിയുടെ കാഴ്ച എന്ന സിനിമയുടെ നിര്‍മാതാവായിട്ടാണ് നൗഷാദ് രംഗത്തുവരുന്നത്. സംവിധായക മേഖലയില്‍ ബ്ലെസിയുടെ മികവ് ലോകം അംഗീകരിച്ച കാഴ്ചയുടെ നിര്‍മാതാവാകാന്‍ കഴിഞ്ഞതില്‍ നൗഷാദ് ഏറെ അഭിമാനം കൊണ്ടു. സ്കൂളിലും കോളജിലും ബ്ലെസിയുടെ സഹപാഠി കൂടിയാണ് നൗഷാദ്.
ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ മലയാള സിനിമകള്‍കൂടി നൗഷാദ് നിര്‍മിച്ചു. ടെലിവിഷന്‍ അവതാരകനായും നൗഷാദ് അറിയപ്പെട്ടു.
സിനിമാലോകത്ത് പ്രമുഖരുമായെല്ലാം ഉറ്റ സുഹൃദ് ബന്ധം നൗഷാദിനുണ്ടായിരുന്നു. തിരുവല്ല മുത്തൂര്‍ കളീക്കല്‍ കെ.പി. കനിയുടെ മകനാണ് കെ. നൗഷാദ്. ആരിഫയാണ് മാതാവ്.
ഇന്നു രാവിലെ അന്തരിച്ച നൗഷാദിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെ തിരുവല്ല വിജിഎം ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം നാലിന് മുത്തൂര്‍ ജുമാമസ്ജിദിലാണ് കബറടക്കം.