ജോണ്സണ് വേങ്ങത്തടം
കോട്ടയം: ഓണത്തിന്റെ തിരക്കൊഴിയുകയും ഇടതുകക്ഷികളുടെ സംസ്ഥാന സമ്മേളനങ്ങളും ദേശീയ കൗണ്‍സിലുകളിലും ആരംഭിക്കുന്നതിനു മുന്‍പും എൽഡിഎഫിൽ കോർപ്പറേഷൻ, ബോർഡ് വീതം വയ്പ് ആരംഭിക്കുന്നു.
വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും അധ്യക്ഷപദവികളും ഡയറക്ടർ ബോർഡ് പ്രാതിനിധ്യവും വിഭജിക്കുന്നതിനും മറ്റുമായി സിപിഎം, സിപിഐ ചർച്ച അടുത്ത ദിവസം ആരംഭിക്കും. ഈയാഴ്ച്ച ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
നഷ്ടപ്പെടുമോ?
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുൻസിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി തീരുമാനമെടുക്കും. ഇതിനുശേഷമാകും മറ്റു ഘടകകക്ഷികളുമായുള്ള ചർച്ച.
എന്നാൽ സിപിഎമ്മിനും സിപിഐയ്ക്കും കേരള കോണ്‍ഗ്രസിനും ലഭിക്കുന്ന പ്രധാന്യം ലഭിക്കില്ലെന്ന ആശങ്ക ചെറുകക്ഷികൾക്കുണ്ട്. മുൻകാലങ്ങളിൽ സിപിഎമ്മും സിപിഐയും വഹിച്ചിരുന്ന കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങളും ബോർഡുകളും ഇരുവരും നിലനിർത്താനുള്ള സാധ്യതയുണ്ട്.
എന്നാൽ കേരള കോണ്‍ഗ്രസ് എം കടന്നു വന്നതോടെ മറ്റു കക്ഷികളെക്കാൾ പ്രാധാന്യം കൊടുക്കേണ്ടിവരും. സിപിഎമ്മിനും സിപിഐയ്ക്കും വലുതായ നഷ്ടം വരുത്താതെ മറ്റു കക്ഷികളെ വിഴുങ്ങാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്.
കൈവിടില്ല
കേരള കോണ്‍ഗ്രസിനു യാതൊരുവിധ ക്ഷീണവും ഉണ്ടാക്കാൻ സിപിഎം ശ്രമിക്കില്ല. കേരള കോണ്‍ഗ്രസിന്റെ പിന്തുണ എൽഡിഎഫിനുണ്ടാക്കിയ വിജയം ചെറുതല്ലെന്നു സിപിഎം കണക്കുകൂട്ടൂന്നു. കോർപറേഷൻ, ബോർഡ് സ്ഥാനമാനങ്ങളിൽ കൂടുതൽ കേരള കോണ്‍ഗ്രസിനു പ്രതീക്ഷിക്കാം.
എന്നാൽ മറ്റു ചെറുകക്ഷികൾക്കു വൻ ഇടിച്ചിൽ സംഭവിക്കാൻ സാധ്യതയുണ്ട്. മന്ത്രിമാരുള്ള ചെറുകക്ഷികളിൽ നിന്നും കൂടുതൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്.പാർട്ടിയിൽ പിളർപ്പിന്റെ ഭീഷണി നേരിടുന്ന ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ കക്ഷികൾക്കു വലിയ ക്ഷീണം സംഭവിക്കുമെന്ന ആശങ്കയുണ്ട്.
ഈ പാർട്ടികൾക്കു സ്ഥാനമാനങ്ങൾ നൽകിയാലും ഭിന്നിപ്പ് പ്രശനമായേക്കും. മന്ത്രിസ്ഥാനമുള്ള ചെറുകക്ഷികൾക്കു കൂടുതൽ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്. സിപിഎമ്മിനു താൽപര്യമുള്ള പാർട്ടികൾക്കു കൂടുതൽ സ്ഥാനമാനങ്ങൾ പങ്കുവച്ചാൽ പോലും സിപിഎമ്മിനും സിപിഐക്കും വലിയ ഇടിച്ചിൽ സംഭവിക്കാതെ നോക്കിയേക്കും.
ഇതിനിടയിൽ എൽഡിഎഫിലെ പ്രധാന കക്ഷികൾക്കു താൽപര്യമുള്ള ചെറുകക്ഷികളിലെ ഏതാനും നേതാക്കൾക്കും കോർപറേഷൻ, ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസ് ബിയ്ക്കും കൂടുതൽ സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിലും ഗണേഷ്കുമാറിനു പ്രധാനപ്പെട്ട സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.
സിപിഐയുടെ ദേശീയ കൗണ്‍സിൽ യോഗം സെപ്റ്റംബർ മൂന്ന്, നാല് തീയതികളിലാണ് നടക്കുന്നത്. ഇതിനു മുന്‍പു തന്നെ ചർച്ചകൾ പൂർത്തിയാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.