താൻ സംവിധാനം ചെയ്ത സിനിമയുടെ കഥ ആസിഫ് അലിക്ക് ഇഷ്ടമാകാതെയാണ് അതിൽ അഭിനയിച്ചതെന്ന് സംവിധായകന് ജിസ് ജോയ്.
ശ്രീനിവാസന് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ അഭിനയിച്ചു വലിയ ഹിറ്റായി മാറിയ ‘സണ്‍ഡേ ഹോളിഡേ’ ജിസ് ജോയ് എന്ന സംവിധായകന് ഹിറ്റ് സംവിധായകനെന്ന ലേബല്‍ നല്കിയ ചിത്രമായിരുന്നു.
തന്റെ കരിയറില്‍ വലിയ സക്സസ് ആയി മാറിയ സിനിമയെക്കുറിച്ച് ഓര്‍ക്കുന്പോള്‍ ആസിഫ് അലിയോടു കഥ പറയാന്‍ പോയ അനുഭവത്തെക്കുറിച്ച് ജിസ് ജോയ് അടുത്തയിടെ തുറന്നു പറഞ്ഞു.
സണ്‍ഡേ ഹോളിഡേ എന്ന സിനിമയുടെ കഥ ആസിഫിന് ഇഷ്ടപ്പെടാതെ ചെയ്തതാണ്. അത് എനിക്ക് മനസിലായ കാര്യവുമാണ്. കഥ മുഴുവന്‍ പറഞ്ഞ ശേഷം ആസിഫ് അതിനെക്കുറിച്ച് സംസാരിക്കാതെ മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു.
കഥ ഓക്കെ ആണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആസിഫ് പറഞ്ഞു. നീ മോശം സിനിമ എടുക്കില്ല എന്ന് എനിക്ക് അറിയാം. നമ്മള് തമ്മിലുള്ള സുഹൃദ്ബന്ധത്തിന്റെ പുറത്ത് ഞാന്‍ ഈ സിനിമ ചെയ്യാമെന്നൊക്കെ പറഞ്ഞു.
അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് ബോധ്യമായി. പിന്നീട് സിനിമ ഇറങ്ങി നൂറു ദിവസം പിന്നിട്ടപ്പോള്‍ ഒരു ടെലിവിഷൻ ഷോയില്‍ ആസിഫ് അലി പറയുന്നുണ്ട്.
ഇതിലെ കഥയുടെ ഒരു മെയിന്‍ പോയിന്റ് അവന് സിനിമ ചെയ്യുന്പോഴാണ് അറിയുന്നതെന്ന്. ഞാന്‍ അന്ന് ഫുള്‍ കഥ വായിച്ചപ്പോള്‍ അവന് വേറെ ഏതോ ഒരു ലോകത്തായിരുന്നു.
അന്ന് ഞാന്‍ ഈ പ്രധാന ഭാഗം ഉള്‍പ്പെടെ പറഞ്ഞു കേള്‍പ്പിച്ചതാണ്. അതൊക്കെ കേള്‍ക്കാതെ ഇരുന്നിട്ട് എന്റെ കഥയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ എന്നും ജിസ് അഭിമുഖത്തിൽ പറഞ്ഞു.
-പിജി