വൈക്കം: ടിവിപുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ മടൽക്കുഴിയിൽ നിന്ന് പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു.
വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. കൊലപ്പെടുത്തിയശേഷം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ് വിവിധ ദിശകളിലേയ്ക്കു തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. കോട്ടയം താഴത്തങ്ങാടിയിൽ നിന്ന് ഏതാനും വർഷങ്ങൾക്കു മുന്പ് കാണാതായ ദന്പതികളുടെ തിരോധാനവും ഈ കേസുമായി ബന്ധപ്പെടുത്തി അന്വഷിക്കുന്നുണ്ട്.
കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കാണാതായ ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇവർ കൊല ചെയ്യെപെട്ടതാണെന്നാണ് പോലീസിന്റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല.
ചെമ്മനത്തുകരയിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്േറതാണെന്നും പത്തു വർഷത്തോളം പഴക്കമുണ്ടെന്നുമാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം.
ഇതു കൂടി കണക്കിലെടുത്ത് താഴത്തങ്ങാടിയിൽ നിന്ന് കാണാതായ ദന്പതികളുടെ ബന്ധുക്കളിൽ നിന്ന് വിവരം തേടുകയും അവരുടെ രക്തസാന്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
കൊല നടത്തിയവർ ആസൂത്രിതമായി വ്യത്യസ്ത സ്ഥലങ്ങളിൽ മൃതേദേഹങ്ങൾ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ഇതിനു പുറമെ പത്തു വർഷം മുന്പ് കാണാതായെ വൈക്കം സ്വദേശിയായ വിമുക്ത ഭടനും വൈക്കം പോളശേരി സ്വദേശിയുടേയും ബന്ധുക്കളെുടെ രക്തസാന്പിളുകളും പോലീസ് ശേഖരിച്ചിരുന്നു.
ഇതിൽ വിമുക്തഭടനുമായി മൃതേദേഹാവശിഷ്ടങ്ങൾക്ക് ഉയരത്തിലൈാഴികെ ചില സാമ്യങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു.വിമുക്ത ഭടന്റെ കാലിലെ ഒടിവു ശസ്ത്രക്രിയ നടത്തി പരിഹരിച്ചരിച്ചിരുന്നു.
കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിലും ഇത്തരത്തിൽ അസ്ഥി ശസ്ത്രക്രിയയിലൂടെ കൂട്ടി ചേർത്തതായി കണ്ടെത്തിയിരുന്നു.
മദ്യപിച്ചു അടിപിടിയുണ്ടാക്കി നടന്നിരുന്ന വിമുക്തഭടൻ ഏതെങ്കിലും സംഘർഷത്തിൽ കൊലചെയ്യപ്പെട്ട് കുഴിച്ചുമൂടപെട്ടതാണോയെന്ന സാധ്യതയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കാണാതാകുന്നതിനു മുന്പ് വിമുക്തഭടൻ ചേർത്തല പൂച്ചാക്കലിലെ ഭാര്യ വിട്ടീലായിരുന്നു താമസം.
കുറച്ചുകാലം മാതാപിതാക്കൾക്കൊപ്പം ചെമ്മനത്തുകരയിൽ ഇയാൾ വാടക വീട്ടിൽ താമസിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
പൂച്ചാക്കലിൽ കഴിയുന്നതിനിടയിൽ ഇയാൾ ചെമ്മനത്തുകരയിലെ സുഹൃത്തുകളെ കാണാനോ മറ്റോ എത്തി സംഘർഷത്തിൽപ്പെട്ടതാണോയെന്ന സംശയവും ബലപ്പെടുകയാണ്.
മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ് സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്.വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ രാസ പരിശോധനയക്കായി മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ കൊണ്ടുപോയി.
കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിന്റെ ഫോറൻസിക് റിപ്പോർട്ടു കൂടി ഇതിനൊപ്പം ഫോറൻസിക് ലാബ് അധികൃതർക്കു കൈമാറിയിട്ടുണ്ട്.