കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനിയും എത്ര ഇന്ത്യക്കാരുണ്ടെന്ന് അറിയില്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിൽ തുടരുന്ന പൗരന്മാരുടെ കൃത്യമായ എണ്ണം അറിയില്ല.
എന്നാൽ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ചവരിൽ ഭൂരിപക്ഷം പേരെയും തിരികെ എത്തിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മടങ്ങിവരാൻ ആഗ്രഹിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തൽ. ഇനിയും ചിലർ അഫ്ഗാനിലുണ്ടാകാൻ സാധ്യതയുണ്ട്.
ഇവരുടെ കൃത്യം കണക്ക് തനിക്കറിയില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അഫ്ഗാനിലെ സാഹചര്യം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും അഫ്ഗാൻ പൗരന്മാരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞു. ഇവരിൽ പലരും സിക്കുകാരും ഹിന്ദുക്കളും ആയിരുന്നെന്നും ബാഗ്ചി പറഞ്ഞു.
ഇന്ത്യ ഇതുവരെ 550 ൽ അധികം പേരെ അഫ്ഗാനിൽനിന്നും ഒഴിപ്പിച്ചു. അതിൽ 260 ഇന്ത്യക്കാരും ബാക്കിയുള്ളവർ അഫ്ഗാനികളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരുമാണ്.