സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് വീട്ടുപടിക്കൽ മത്സ്യം എത്തിക്കുന്നതിനു മീമീ ഫിഷ് ആപ്പുമായി സംസ്ഥാന ഫിഷറീസ് വകുപ്പ്.
മത്സ്യത്തിനു പുറമേ മത്സ്യോത്പന്നങ്ങളും മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്ത് വാങ്ങിക്കുന്നതിനായാണ് പദ്ധതി.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര താരവും അവതാരികയുമായ ആനിക്കു ആദ്യ വിൽപന നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഏതാനും സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽ മീമീ ഫിഷിന്റെ സേവനങ്ങൾ ലഭ്യമാവുമെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ (കഐസിഎഡിസി) സാമൂഹ്യസാന്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവർത്തനം എന്ന പദ്ധതിക്കു കീഴിൽ ഈ സംരംഭം നടപ്പാക്കുന്നത്.
കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, സാറ്റം (സൊസൈറ്റ് ഫോർ അഡ്വാൻസ് ടെക്നോളജീസ് ആൻഡ് മാനേജ്മന്റ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
മത്സ്യത്തിനും മൂല്യവർധിത ഉത്പന്നങ്ങൾക്കുമായി സംസ്ഥാനത്തുടനീളം വിൽപനശാലകളും ഓണ്‍ലൈൻ ഹോം ഡെലിവറി സംവിധാനവുമാണ് ഈ ആപ്പ് വഴി ഒരുങ്ങാൻ പോകുന്നത്.
ഗൂഗിൾ പ്ലേസ്റ്റോർ വഴി ഉപഭോക്താക്കൾക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദവിദ്യാർഥികളെയാണ് ഹോംഡെലിവറിക്കായി നിയോഗിക്കുന്നത്.
അതോടൊപ്പം അവർക്ക് വേണ്ട അക്കാദമിക പരിശീലനം നൽകുകയും ബിരുദ പഠനം പൂർത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യാനാണ് പദ്ധതി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നൽകുന്ന മീമീ ഫിഷിന്റെ സംഭരണം, സംസ്കരണം, പാക്കിംഗ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.
കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നത് മുതൽ മത്സ്യബന്ധന തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കൾക്ക് അറിയാനാകും.
യാതൊരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷിന്റെ ഉത്പന്നങ്ങളിൽ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.
യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിട്ടുള്ള ഗുണമേ· മാനദണ്ഡങ്ങളാണ് സംഭരണം, സംസ്ക്കരണം, സൂക്ഷിക്കൽ മുതലായവയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.