നിയാസ് മുസ്തഫ
പഞ്ചാബിലെ തമ്മിലടിക്ക് പിന്നാലെ ഛത്തീസ്ഗഡ് കോൺഗ്രസിലും സമാനമായ രീതിയിൽ അരങ്ങേറുന്ന തമ്മിലടിക്ക് ആശ്വാസമായില്ല.
പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ രഹസ്യപിന്തുണയോടെ മന്ത്രിമാർ ഉൾപ്പെടെ ഏതാനും എംഎൽഎമാർ വിമത നീക്കം നടത്തി വരികയാണ്.
ഇതിനു സമാനമായ രീതിയിലാണ് ഛത്തീസ്ഗഡിലും കോൺഗ്രസിനുള്ളിലെ ചേരിപ്പോര് അരങ്ങേറുന്നത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആരോഗ്യ മന്ത്രി ടി.എസ്. സിംഗ് ദിയോയും തമ്മിലാണ് ഇവിടെ അധികാരത്തിനുവേണ്ടിയുള്ള വടംവലി.
ബാഗേലിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ സിംഗ് ഉറച്ചു നിൽക്കുന്നത് ഹൈക്കമാൻഡിനും കീറാമുട്ടിയായി.
ഇന്നലെ വൈകിട്ട് മൂന്നുമണിക്കൂറോളം ഭൂപേഷ് ബാഗേൽ രാഹുൽഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ബാഗേലിനു പിന്തുണ അറിയിച്ച് 50 എംഎൽഎമാരെയും ഡൽഹിയിൽ ബാഗേൽ രാഹുൽഗാന്ധിക്ക് മുന്നി ൽ അണിനിരത്തി.
ഭരണത്തിൽ രണ്ടര വർഷത്തിനു ശേഷം ബാഗേലിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് 2018 ഡിസംബറിൽ സംസ്ഥാനത്തിന്റെ ഭരണം കോൺഗ്രസ് പിടിച്ച വേളയിൽ ഹൈക്കമാൻഡ് നൽകിയ ഉറപ്പ് പാലിക്കണമെന്നാണു സിംഗ് ദിയോവിന്റെ ആവശ്യം.
അത്തരത്തിൽ ഉറപ്പുകളൊന്നും ആർക്കും നൽകിയിട്ടില്ലെന്നാണ് ബാഗേൽ പറയുന്നത്.
മികച്ച ഭരണം നടത്തുന്ന ബാഗേലിനെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നതിനോട് ഹൈക്കമാൻഡിനും അത്ര യോജിപ്പില്ല.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനം തന്നില്ലെങ്കിൽ മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമെന്നാണു സിംഗിന്റെ ഭീഷണി.
അതേസമയം, ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ ബാഗേലിനോട് മുഖ്യമന്ത്രിയായി തുടരാൻ രാഹുൽഗാന്ധി ആവശ്യപ്പെട്ടതായാണ് സൂചന.
“ഞങ്ങളുടെ സർക്കാർ സുരക്ഷിതമാണ്. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്. മിസ്റ്റർ സിംഗ് ദേവ് ഞങ്ങളുടെ സർക്കാരിൽ ഒരു മന്ത്രിയാണ്.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തെ ബഹുമാനിക്കാനും ഞാൻ തയ്യാറാണ്-ഭൂപേഷ് ബാഗേൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഛത്തീസ്ഡഗിലെ 90അംഗ നിയമസഭയിൽ കോൺഗ്ര സിന് 70 അംഗങ്ങളുണ്ട്.