വിസ്മയങ്ങള്‍ ഒരുക്കുന്നതില്‍ ചൈനക്കാര്‍ എന്നും മുന്നില്‍ തന്നെയാണ്. അത്തരത്തിലൊരു വിസ്മയമാണ് മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ സാങ്ജിയാജി നാഷണല്‍ പാര്‍ക്കിലുള്ള ഈ പാലവും. രണ്ടു വന്‍മലകളെ ബന്ധിച്ച് ഉണ്ടാക്കിയതാണ് ഈ പാലം. അതും ഗ്ലാസ് ഉപയോഗിച്ച്. പാലം സുതാര്യമായതിനാല്‍ നടക്കുന്നവര്‍ക്ക് 984 അടി താഴെയുള്ള മനോഹര ദൃശ്യങ്ങള്‍ കാണാനാകും. 2012ല്‍ നിര്‍മാണം തുടങ്ങിയ ഈ ഗ്ലാസ് പാലം ഈ വര്‍ഷം മേയിലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.
പാലം തുറന്നുകൊടുത്തപ്പോള്‍ പലരും ഇതിന്റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിന് കിലോ ഭാരം ഈ ഗ്ലാസിന്റെ മുകളിലൂടെ കൊണ്ടുപോയാണ് ഏവരുടെയും ഭയം മാറ്റിയത്. വലിയ മലയുടെ വശങ്ങളിലെ പാറ തുരന്നാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എളുപ്പമൊന്നും പൊട്ടാത്ത തരത്തിലുള്ള ഗ്ലാസ് സ്ലാമ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇസ്രായേലുകാരനായ ഹയിം ദോതാന്‍ എന്ന വാസ്തുശില്‍പിയാണ് ഡിസൈനര്‍. മൂന്ന് ഗ്ലാസുകളാണ് പാലത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണത്തിനിടെ കാര്‍ കയറ്റിയപ്പോള്‍ മുകളിലെ ഗ്ലാസ് ചെറുതായി പൊട്ടിയെങ്കിലും അടിയിലെ രണ്ട് നിരയിലുള്ള ഗ്ലാസുകള്‍ക്ക് ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ നിരവധി പേരാണ് ഇവിടേക്ക് ദിനംപ്രതി ഒഴുകിയെത്തുന്നത്. നിരവധി ഹോളിവുഡ് സിനിമകളും അടുത്തിടെ ഈ ഗ്ലാസ് പാലത്തില്‍ ചിത്രീകരിച്ചിരുന്നു.