കൊരട്ടി: ഭവനഭേദന കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ കൊരട്ടി സിഐ ബി.കെ. അരുണും സംഘവും അറസ്റ്റുചെയ്തു.അന്നമനട സ്വദേശി കരയത്തുന്പിള്ളി വീട്ടിൽ മധു (52) വിനെയാണ് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്തുള്ള ഭാര്യ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.
വെസ്റ്റ് കൊരട്ടിയിലെ ഒരു വീട്ടിൽ 1998 ജൂലൈ മാസം രാത്രി അതിക്രമിച്ചു കയറി വാതിലിന്റെ പൂട്ട് തകർത്ത് പണവും ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം നടത്തിയ കേസിലാണ് ഇയാൾ ഒളിവിൽ പോയത്. കേസിലെ അഞ്ചുപ്രതികളിൽ മൂന്നുപേരെ മോഷണത്തിനു ശേഷം ഏതാനും ദിവസങ്ങൾക്കകം പോലീസ് പിടികൂടിയിരുന്നു.
കൂട്ടുപ്രതികളെ പിടികൂടിയതറിഞ്ഞ സംഘത്തലവൻ മധു ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തുടർന്ന് എറണാകുളം ജില്ലയിലെ കാക്കനാടും വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞുവരവെ ബ്രഹ്മമംഗലത്തെ സ്ത്രീയെ പരിചയപ്പെടുകയും വിവാഹം കഴിയ്ക്കുകയും അവരുടെ വീട്ടിൽ രഹസ്യമായി താമസിച്ചു വരികയുമായിരുന്നു. പിടിയിലാകാതിരിക്കാൻ പേര് കുട്ടൻ എന്നാണ് പറഞ്ഞിരുന്നതത്രേ.
പോലീസ് തിരിച്ചറിയാതിരിക്കാൻ റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരച്ചറിയൽ കാർഡ്, ആധാർ കാർഡ് തുടങ്ങിയ ഒൗദ്യോഗിക രേഖകളിലൊന്നും തന്റെ പേര് ചേർത്തിരുന്നില്ലെന്നും നാളിതുവരെയുള്ള ഒളിവു ജീവിതത്തിനിടയിൽ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലെന്നും പ്രതി പോലീസിനോടു പറഞ്ഞു.
ഇയാളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അന്വേഷണ സംഘം നിരീക്ഷിച്ചു വന്നിരുന്നുവെങ്കിലും ഈ കാലയളവിൽ ഒരിക്കൽ പോലും ഇയാൾ വീട്ടിൽ വരുകയോ, സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലത്രേ.കള്ളത്താക്കോൽ നിർമിക്കുന്നതിലും വെൽഡിംഗ് ജോലിയിലും വൈദഗ്ധ്യമുള്ളയാളാണ് പ്രതി. അയൽ ജില്ലകളിലെ സംശയം തോന്നുന്ന ഇരുന്നൂറോളം തൊഴിലാളികളെ നിരീക്ഷിച്ചതിൽ നിന്നുമാണ് പോലീസിന് പ്രതിയെ തിരിച്ചറിയാനായത്.
പ്രതിയുടെ പഴയ ഫോട്ടോ സംഘടിപ്പിച്ച് കന്പ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പ്രതിയെന്ന് സംശയം തോന്നിയ ഇയാളുടെ അടുത്തേക്കു വെൽഡിംഗ് ജോലിക്കെന്ന വ്യാജേന പോലിസ് സമീപിക്കുകയും രഹസ്യമായി ഫോട്ടോയെടുത്ത് താരതമ്യ പഠനം നടത്തി ഉറപ്പു വരുത്തുകയുമായിരുന്നു.
പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദ്ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി സി. ആർ സന്തോഷ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐമാരായ ഷാജു എടത്താടൻ, സി.കെ സുരേഷ്, റൂറൽ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മുരുകേഷ് കടവത്ത്, സി പി ഒമാരായ സജീഷ് കുമാർ, ജിബിൻ വർഗീസ്, വി.ആർ രഞ്ജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡു ചെയ്തു.