അമ്പലപ്പുഴ: ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ ഗ്രാമ പഞ്ചായത്തംഗം നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം അജീഷിന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്.
കഴിഞ്ഞ 29നാണ് ആമയിട സ്വദേശിനിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പഞ്ചായത്തംഗത്തിനെതിരെ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. വാടകക്ക് താമസിക്കുന്ന തന്നെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് പരാതി നൽകിയത്.
എന്നാൽ പരാതി സ്വീകരിച്ച പോലീസ് തുടക്കം മുതൽ തന്നെ കേസെടുക്കാതെ ഒത്തുതീർപ്പ് ശ്രമം നടത്തുകയായിരുന്നു. പഞ്ചായത്തംഗത്തെ സംരക്ഷിക്കാൻ സി.പി.എം നേതാക്കൾ ഇടപെട്ടതോടെയാണ് പോലീസ് കേസെടുക്കാതിരുന്നത്.
ഇതിനിടയിൽ പാർട്ടി ഓഫീസിൽ വെച്ച് സി.പി.എം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ വിളിച്ചു വരുത്തി ഒത്തു തീർപ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പിന് ശ്രമം നടത്തിയെങ്കിലും അജീഷ് എത്താതിരുന്നതിനാൽ ഈ ശ്രമവും പാളി.
തന്റെ മൊഴി രേഖപ്പെടുത്തി ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാതെ വന്നതിനെത്തുടർന്ന് യുവതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇതിന് ശേഷവും അമ്പലപ്പുഴ പോലീസ് കേസെടുക്കാതെ വന്നതോടെ യുവതി കോടതിയെ സമീപിക്കാനൊരുങ്ങി.
തൊട്ടുപിന്നാലെ പട്ടികജാതി സംഘടനയായ ദളിത് സംരക്ഷണ സംഘം ഇടപെട്ടതോടെയാണ് ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തത്.പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്യാത്ത അമ്പലപ്പുഴ പോലീസിന്റെ നിലപാട് വലിയ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തംഗം ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ പഞ്ചായത്തിലേതുൾപ്പെടെയുള്ള എല്ലാ പരിപാടിയിലും ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്.പോലീസിന്റെ മൂക്കിൻ തുമ്പത്തുണ്ടായിട്ടും സി.പി.എം നേതാക്കളുടെ സമ്മർദം മൂലമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതെന്നും സംഘടന ആരോപിക്കുന്നു.
ഏതാനും ദിവസം മുൻപ് യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.