വൈക്കം: കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായ കോണ്ട്രാക്ടർ ഉപജീവനത്തിനായി ബന്തി കൃഷി നടത്തുന്നു.മറവൻതുരുത്ത് കടൂക്കര കളപ്പുരയ്ക്കൽ അരുണ്‍ ശിവദാസാ(30)ണ് വൈക്കം നഗരത്തിൽ പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് ബന്തി കൃഷി നടത്തിയത്.
കോണ്ട്രാക്ടർ ആയ അരുണ്‍ പണികൾ കുറഞ്ഞതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. പച്ചക്കറി ഉൾപ്പടെയുള്ള കൃഷികളെ പറ്റി ആലോചിച്ചെങ്കിലും വിപണിയിലെ ആവശ്യകത മനസിലാക്കി പൂ കൃഷിയിലേക്കു തിരിയുകയായിരുന്നു.
വൈക്കം താലൂക്ക് ആശുപത്രിക്കു കിഴക്കുഭാഗത്ത് നർത്തകി തിയറ്റർ പ്രവർത്തിച്ചിരുന്ന പുരയിടത്തിലാണ് ബന്തി പൂക്കൾ പരിമളം പരത്തുന്നത്.
കാടു പിടിച്ചു കിടന്ന പുരയിടം ഏറെ അധ്വാനം നടത്തിയാണ് അരുണ്‍ കൃഷിയിടമാക്കിയത്. ദിവസേന പത്തു കിലോയിലധികം ബെന്തി പൂക്കളാണ് പുന്തോട്ടത്തിൽ നിന്നു ലഭിക്കുന്നത്.
സമീപ സ്ഥലങ്ങളിലുള്ള പൂക്കടക്കാർ അരുണിന്റെ പൂക്കൾ ഏറെ താൽപര്യത്തോടെയാണ് വാങ്ങുന്നത്. ആവശ്യപ്പെടുന്നവർക്കൊക്കെ പൂ നൽകാൻ പറ്റാത്തതിനാൽ പൂ കൃഷി വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് ഈ യുവാവ്.
അരുണിന്റെ ബന്തി തോട്ടത്തെക്കുറിച്ചു കേട്ടറിഞ്ഞു നാട്ടുകാരും സുഹൃത്തുക്കളും കുടുംബങ്ങളും പൂന്തോട്ടത്തിലെത്തു ന്നുണ്ട്.
വൈക്കത്തെ മണ്ണിൽ തിങ്ങി വളർന്ന് പൂവണിഞ്ഞു നിൽക്കുന്ന ബന്തി തോട്ടം കാണുന്പോൾ തമിഴ്നാട്ടിലെ ഏതോ പൂപ്പാടത്ത് എത്തിയ പ്രതീതിയാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.