അഗളി : ജനവാസ കേന്ദ്രങ്ങളിൽ കൃഷിയിടങ്ങൾ കാലിയാക്കി വനരപ്പടയുടെ വിളയാട്ടം. അട്ടപ്പാടിയിൽ കുരങ്ങുകൾ വരുത്തിക്കൂട്ടുന്ന നാശ നഷ്ടത്തിന് കണക്കില്ല. തെങ്ങ്, കമുക്, ജാതി, ഏലം, കുരുമുളക് തുടങ്ങിയ ഏതാണ്ട് എല്ലാ കൃഷികളുടെയും അന്തകനായി വാനരപ്പട മാറിക്കഴിഞ്ഞു.
ആന, പന്നി, കേഴ, കാട്ടുപോത്ത്, വെരുക്, മാൻ, മയിൽ തുടങ്ങിയ പക്ഷി മൃഗാദികളുടെ അക്രമണത്തിന് പുറമെയാണ് കുരങ്ങു ശല്യവും വ്യാപകമാകുന്നത്. നേരത്തെ വനാതിർത്തികളിലും കാടുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന കുരങ്ങുകൾ ഇപ്പോൾ ജനവസ കേന്ദ്രങ്ങളിലേക്കും കടന്നിരിക്കുന്നു.
തെങ്ങിന്റെ മണ്ട മുഴുവൻ കാലിയാക്കി. മച്ചിങ്ങ വരെ പറിച്ചെറിയുകയാണ്. കവുങ്ങിൽ കയറി അടക്ക നശിപ്പിച്ച ശേഷം ഉൗർന്നിറങ്ങുന്നതോടെ കുരുമുളക് ചെടികൾ പാടെ നിലം പൊത്തുന്നു. ഏലതോട്ടത്തിൽ കടന്ന് ചെടികളുടെ കൂന്പ് പിച്ചി ചീന്തിയാണ് നശിപ്പിക്കുന്നത്.
ജാതിക്ക പിഞ്ചിലെ തന്നെ പിഴുതു കളയും. ഇഞ്ചി മുള പൊട്ടുന്നതോടെ പറിച്ചു കൂന്പ് തിന്നു നശിപ്പിക്കുന്നു. ഫലവൃക്ഷങ്ങളിൽ കായ് വളരാനനുവദിക്കില്ല ഒരു തരത്തിലുള്ള പച്ചക്കറികളും വീട്ടുവളപ്പിൽ പോലും വളർത്താനാകുന്നില്ല. ചിറ്റൂർ വിമലാഭവൻ കോണ്വെന്റിലെ തെങ്ങുകളിൽ നാളികേരം അവശേഷിക്കാതെ നശിപ്പിച്ചതായി മദർ സുപ്പീരിയർ പറഞ്ഞു.
അടുത്ത കാലം വരെ മനുഷ്യരെ കണ്ടാൽ ഭയന്ന് ഓടിയകന്നിരുന്ന കുരങ്ങുകൾ ഇപ്പോൾ അക്രമകാരികളായി മാറിയതായി കർഷകർ പറയുന്നു.സ്ത്രീകളും കുട്ടികളും പറന്പ് കാവലിന് നിന്നാൽ കുരങ്ങുകൾ അക്രമസ്വഭാവം കാട്ടുന്നത് കർഷകരിൽ ഭീതി പരത്തിയിട്ടുണ്ട്.
അന്പതും അതിലേറെയും സംഘങ്ങളായാണ് കുരങ്ങുകളെത്തുന്നത്. കാട്ടാനയും കുരങ്ങുകളുമാണ് അധികം കൃഷി നാശം വിതക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടി.വന്യ മൃഗങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്നും കർഷകരുടെ നഷ്ടത്തിന് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.