ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം, മുപ്പത്തെട്ടുകാരനായ സ്റ്റെയ്ൻ അറിയിച്ചത്.
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് സ്റ്റെയ്ൻ. കോവിഡ് മഹാമാരിയുടെ സമ്മർദവും വിരമിക്കലിനുണ്ടെന്നു സ്റ്റെയ്ൻ വ്യക്തമാക്കി.
16 വർഷം നീണ്ട കരിയറിൽ 93 ടെസ്റ്റും 125 ഏകദിനവും 47 ട്വന്റി-20യും കളിച്ചു. ടെസ്റ്റിൽ 439, ഏകദിനത്തിൽ 196, ട്വന്റി-20യിൽ 64 എന്നിങ്ങനെയാണു വിക്കറ്റ് വേട്ട. 2004 ഡിസംബർ 17-നാണ് ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്.
2008 മുതൽ 2014വരെ തുടർച്ചയായി 263 ആഴ്ച ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടർന്ന താരമാണ് സ്റ്റെയ്ൻ.