പാലക്കാട് : ജില്ലയിലെ കോവിഡ് നോഡൽ ഓഫീസറും കെജിഎംഒ ജില്ലാ പ്രസിഡന്റുമായ ഡോ.മേരി ജ്യോതി വിൽസനെതിരേ വധഭീഷണി മുഴക്കിയ സഹപ്രവർത്തകനെതിരേ ആരോഗ്യ വകുപ്പിന്റെ നടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജറായ ഡോ.വി.ജി.അനൂപിനെ സ്ഥാനത്തു നിന്നും മാറ്റികൊണ്ടുള്ള ഉത്തരവ് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കി.ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ.ടി.ബി.റോഷിനു അധികച്ചുമതല നൽകി.
ഡോ.വി.ജി. അനൂപിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി ജോലിയിലേക്ക് മാറ്റി. കഴിഞ്ഞ ജൂലൈ 31നാണ് ഡോ.വി.ജി.അനൂപ് വനിതാ ഡോക്ടറെ രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഡോ.മേരി ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്കിയിരുന്നു.
ഭർത്താവായ ഡോ.ജോബി പോളിനെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ടായിരുന്നു. സംഭവം നടന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി വൈകുന്നതിൽ കെജിഎംഒയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു.