ഹൂസ്റ്റണ്‍: ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2.6 ദശലക്ഷം അനുയായികളുള്ള മോഡൽ മിസ് മേഴ്സിഡിസ് മോർ എന്ന പേരിൽ അറിയപ്പെടുന്ന ജെയ്നി ഗേയ്ഗറെ (33) മരിച്ച നിലയിൽ കണ്ടെത്തി.
ഹൂസ്റ്റണ്‍ കോർട്ട്ലാന്റ് അപ്പാർട്ട്മെന്റിലാണ് കണ്ടെത്തിയത്. സമീപത്തു മുപ്പതു വയസ് തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
മേഴ്സിഡിസിനെ കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
കെവിൻ അലക്സാണ്ടറാണ് (34) കൊല്ലപ്പെട്ട യുവാവെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചയാളും മേഴ്സിഡിസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് റിച്ച്മോണ്ട് പോലീസ് അറിയിച്ചു.
ഫോർട്ട്ബെന്റി കൗണ്ടിയിലാണ് സംഭവം നടന്നത്. രണ്ടു മൃതദേഹങ്ങളും ഫോർട്ട്ബെന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ തിരിച്ചറിയലിനായി അയച്ചതായും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ മേഴ്സിഡിസിനെ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ചു.
മേഴ്സിഡിസിന്റെ ഇൻസ്റ്റഗ്രാം പേജിൽ അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. 1987 നവംബറിൽ 26ന് ടെക്സസിലെ എൽപാസോയിലാണ് മോറിന്റെ ജനനം.
വിഡിയോ സ്റ്റാർ, മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇവർ ചുരുങ്ങിയ സമയം കൊണ്ടു പ്രശസ്തിയിലേക്കുയർന്നിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം റിച്ച്മോണ്ട് പോലീസ് ഉൗർജ്ജിതപ്പെടുത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ