വൈക്കം: കർഷകരെ ആശങ്കയിലാഴ്ത്തി ആടുകൾ ചത്തുവീഴുന്നു. അസുഖ ബാധിതരായാണ് ആടുകൾ ചാകുന്നത്.തലയാഴം പഞ്ചായത്തിലൈ ഉൾപ്രദേശങ്ങളായ ചെട്ടിക്കരി, തോട്ടകം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി ആടുകളാണ് കഴിഞ്ഞ ദിവസം ചത്തത്.
പനിയും വയറിളക്കവും ബാധിച്ച ആടുകൾക്ക് മൃഗാശുപത്രികളിൽനിന്നു മരുന്നു വാങ്ങി നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.തലയാഴം ചെട്ടിക്കരിയിൽ വിജയമ്മയുടെ ഗർഭിണിയായ ആടാണ് ചത്തത്.
വയറു വീർത്ത് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയ രണ്ടു വയസിലധികം പ്രായമുള്ള ആട് രണ്ടു ദിവസത്തിനകം ചാകുകയായിരുന്നു. സമീപത്തെ വീട്ടിലെ വീട്ടമ്മയുടെ രണ്ട് ആടുകളും ഏതാനും ദിവസങ്ങൾക്കു മുന്പ് ചത്തു.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട്ടമ്മമാർക്ക് വരുമാന വർധനവിനായി പഞ്ചായത്തും തലയാഴം മൃഗാശുപത്രിയും ചേർന്ന് നൽകിയ ആടുകളിൽ ചിലതും അസുഖം ബാധിച്ചു ചത്തു.
തോട്ടകം നീലാംബരിയിൽ മഞ്ജുവിന് ഈ പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ആടുകളിൽ ഒരുവയസിലധികം പ്രായമുള്ള ആട് ഞായറാഴ്ച രാത്രിയാണ് ചത്തത്.
തലയാഴം മൃഗാശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി നൽകി പരിചരിച്ചെങ്കിലും ആട് ചത്തു. പനി ബാധിച്ചു പൊടുന്നനെ അവശയായ ആട് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു കുഴഞ്ഞു വീഴുകയായിരുന്നു.